പുതുതായി ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്ന മിക്കയാളുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെയാണ് മാർക്കറ്റിങ്ങ് പ്രവർത്തനങ്ങൾക്കായി കൂടുതലായും ആശ്രയിക്കുന്നത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നിവ അതിൽ പ്രധാനികളാണ്.
ഉപഭോക്താക്കളുമായി സംരംഭകർക്ക് നേരിട്ട് ബന്ധപ്പെടാനാകും എന്നതാണ് ആ ഈ പ്ലാറ്റ്ഫോമുകളുടെ പ്രധാനഗുണം. ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ഉപഭോക്താക്കളെ ബിസിനസിലേക്ക് ആകർഷിക്കാനുമാകും. സെലിബ്രിറ്റികളടക്കം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ മാർക്കറ്റിങ് പ്രവർത്തനങ്ങൾക്കായി ഇൻസ്റ്റഗ്രാമിനെയാണ് ആളുകൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത്.
ബ്രാൻഡ് വളർത്തിയെടുക്കാനും വിശ്വാസ്യത നേടിയെടുക്കാനും Instagram ഓരോ സംരംഭകനേയും സഹായിക്കും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്പന്നങ്ങൾക്ക് മികച്ച ഉപഭോക്താക്കളെ നൽകാനും അവ എളുപ്പത്തിൽ വിറ്റഴിക്കുന്നതിനും ഇൻസ്റ്റഗ്രാം വഴി സാധിക്കും. ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം ഇൻസ്റ്റഗ്രാമിന്റെ മാത്രം പ്രത്യേകതയായ റീസൽ വഴിയും ഉത്പന്നങ്ങളെ ഉപഭോക്താകളിലേക്ക് എത്തിക്കാം. ഇനി ഇൻസ്റ്റഗ്രാമിലൂടെ ബിസിനസ് പൊടിപൊടിക്കാൻ ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഹാഷ്‌ടാഗ് (hashtag #) നിർബന്ധം
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിട്ടുള്ള ഹാഷ്ടാഗുകളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഓരോ ദിവസത്തേയും ട്രെൻഡിങ് ഹാഷ്‌ടാഗുകൾ അറിഞ്ഞിരിക്കുന്നത് ബിസിനസിന് ഏറെ ഗുണം ചെയ്യും. ഉത്പന്നങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ അന്നേദിവസത്തെ ഹാഷ്ടാഗുകൾ നിർബന്ധമായും നൽകണം. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാനാകും.
ആകർഷകമായ ബയോ ഉണ്ടായിരിക്കണം
ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കിടിലൻ ബയോ ഉണ്ടായിരിക്കണം. ഒപ്പം വെബ് പേജിന്റെ ലിങ്കും. ഉത്പന്നങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതായിരിക്കണം ബയോ. എന്താണ് ഉത്പന്നം എന്നതിന്റെ സംഗ്രഹം നൽകിയാൽ ശരിയായ ഉപഭോക്താക്കളെ കണ്ടെത്താനാകും.
പ്രമുഖ ബിസിനസുകാരുടെ ഉദ്ധരണികൾ ഉപയോഗിക്കുക
ഇൻസ്റ്റാഗ്രാമിൽ വീഡിയോയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യുമ്പോൾ ബിസിനസ് മേഖലയിലെ വിദഗ്ധർ, പ്രശസ്ത വ്യക്തികൾ എന്നിവരിൽനിന്നുള്ള ഉദ്ധരണികൾ അഥവാ ക്വാട്ട്സ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് നിങ്ങളുടെ പോസ്റ്റുകളെ ട്രെൻഡിങ്ങിൽ എത്തിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും. ചിത്രങ്ങളിൽ ലോഗോയും വാട്ടർമാർക്കും ഉപയോഗിക്കാനാകും. പ്രശസ്ത വ്യക്തികളുടെ ഉദ്ധരണികളുള്ള പോസ്റ്റുകൾ, റീലുകൾ, വീഡിയോകൾ എന്നിവയ്ക്ക് ഇൻസ്റ്റാഗ്രാമിൽ വലിയ ഡിമാൻഡ് ഉണ്ട്.
ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുക
ഉപഭോക്താക്കളുമായുള്ള ആശയവിനിമയമാണ് ഉത്പന്നം മാർക്കറ്റ് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച വഴി. ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വില, ഗുണം, അവ എങ്ങനെ വാങ്ങാം എന്നിങ്ങനെയുള്ള കാര്യങ്ങൾ ആളുകളുമായി പങ്കുവയ്ക്കാനും അവരുടെ ഫീഡ്‌ബാക്ക് നേടുന്നതിനും ഇൻസ്റ്റാഗ്രാം ലൈവ് ഓപ്ഷൻ ഉപയോഗിക്കാം. ഈ ഓപ്ഷൻ ഉപയോഗിച്ച് ഏത് ഇവന്റുകളിലേക്കും കോൺഫറൻസുകളിലേക്കും നിങ്ങൾക്ക് ഉപഭോക്താക്കളെയും നിങ്ങൾക്കൊപ്പം കൊണ്ടുപോകാൻ കഴിയും.
ഇതിലൂടെ ഉത്പന്നത്തെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആളുകളോട് പങ്കുവയ്ക്കാൻ കഴിയുമെന്നത് കൂടുതെ ബ്രാൻഡ് വളർത്തിയെടുക്കാനും ഇത് സഹായിക്കും.
Share your comments