ആദിദ്രാവിഡ ആഘോഷങ്ങളിൽ മുൻപനാണ് വിഷു. മേടത്തിലെ വർഷപ്പിറവി കാർഷികപ്രവർത്തനവും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. വിഷു എന്നുപറയുന്നത് തന്നെ മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്.
അതുകൊണ്ടുതന്നെയാണ് പുതുവർഷത്തിന്റെ ഐശ്വര്യത്തിനായി പുലർച്ചെ കണി കാണുന്നതും കൈനീട്ടം നൽകുന്നതും. ഈ വർഷത്തെ വിഷു നാളെ അതായത് ഏപ്രിൽ 14 ന് ആണ്.
വിഷുവിന് കണിയൊരുക്കുന്നതിന് ചിട്ടകളുണ്ട്. കുടുംബത്തിലുള്ള ഏറ്റവും മുതിര്‍ന്നവര്‍വേണം വിഷുവിന് കണിയൊരുക്കാന്‍ എന്നാണ് വിശ്വാസം. വിഷുക്കണി എന്ന് പറയുന്നത് പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണ്.
വിഷുക്കണിയുടെ പ്രാധാന്യം എന്നുപറയുന്നത് ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുന്നിലാണ് കണിയൊരുക്കേണ്ടത് എന്നതാണ്. പ്രകൃതിയുടെ പ്രതീകമായ ഓട്ടുരുളിയില്‍ ഉണക്കലരി പകുതിയോളം നിറയ്ക്കുക. ശേഷം ആദ്യം സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരി വയ്ക്കുക.
പിന്നീട് ചക്ക, നാളികേരം, മാങ്ങ, കദളിപ്പഴം,നാരങ്ങ, നെല്ലിക്ക എന്നിവ വയ്ക്കുക. ഗണപതിയുടെ ഇഷ്ടഭക്ഷണമാണ് ചക്കയും നാളികേരവും. അതുപോലെ മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ലക്ഷ്മി ദേവിയുടെ സങ്കൽപ്പത്തിനാണ് നാരങ്ങയും നെല്ലിക്കയും വയ്ക്കുന്നത്.
ഭഗവതിയെ സങ്കല്‍പ്പിച്ച് ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടി വയ്ക്കുക. അതില്‍ സ്വര്‍ണ്ണമാല വയ്ക്കുക. കാണികാണുമ്പോൾ സ്വന്തം മുഖം കൂടി കാണുന്നതിന് വേണ്ടിയാണിത്. ശേഷം കണിക്കൊന്നപ്പൂക്കള്‍ വയ്ക്കുക. സങ്കൽപ്പമനുസരിച്ച് കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും, കൊന്നപ്പൂക്കള്‍ കിരീടവും വാല്‍ക്കണ്ണാടി മനസ്സുമാണെന്നുമാണ്.
ഇതിന്റെ അടുത്ത് ഓട്ടുതാലത്തില്‍ അലക്കിയ കസവ് വയ്ക്കണം. കൂടാതെ ഗ്രന്ഥം, കുങ്കുമച്ചെപ്പ്, വെറ്റിലയില്‍ നാണയത്തുട്ടും പാക്കും, കണ്മഷി എന്നിവയും വയ്ക്കുക. ഒപ്പം നവദാന്യങ്ങളും വയ്ക്കണം, പച്ചക്കറികളുമാകാം.
പീഠത്തില്‍ നിലവിളക്ക് വച്ച് അഞ്ചുതിരിയിട്ട് എണ്ണയൊഴിച്ചു വയ്ക്കുക. മുന്നിലായി സാമ്പ്രാണി, ഓട്ടുകിണ്ടിയില്‍ ശുദ്ധജലം, പൂക്കള്‍ ,കൊടിവിളക്ക് എന്നിവയും തയ്യാറാക്കി വയ്ക്കണം. വിഷുദിനത്തിൽ നിലവിളക്കിന്റെ സ്വർണ്ണ വെളിച്ചത്തിൽ കണ്ണനെയും കണിയും കണ്ടുണരുമ്പോൾ ഐശ്വര്യപൂർണ്ണമായ പുതുവർഷമാണ് നമുക്ക് ലഭിക്കുന്നത്.
Share your comments