തൃശ്ശൂർ: എടക്കഴിയൂർ തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ വിഎസ്എം 2 എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിനാൽ ഉദ്യോഗസ്ഥർ പിടികൂടിയത്.
ബന്ധപ്പെട്ട വാർത്തകൾ: വാകവരാൽ കൃഷിയുടെ വിജയ സാധ്യതകൾ
മലപ്പുറം താനൂർ സ്വദേശി അബ്ദുൾ ജലാലിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 5 ടൺ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് ഉണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് വള്ളം പിടികൂടിയത്.
പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എൻ സുലേഖയുടെ നേതൃത്വത്തിൽ മുനക്കടവ് കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെൻ്റ് അഴീക്കോട് എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തത്. കോസ്റ്റൽ സി ഐ പി എ ഫൈസൽ, എഫ് ഇ ഒ സുമിത, മറൈൻ എൻഫോഴ്സ് സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ, ലൈഫ് ഗാർഡുമാരായ ഷെഫീക്ക്, ഹുസൈൻ, ഷിഹാബ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരുംദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും സ്പെഷൽ ടാസ്ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.
Share your comments