2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള ഇതേ കാലയളവിലെ ആകെ സമുദ്രോത്പന്ന കയറ്റുമതി 9,54,744 ടൺ ആയിരുന്നെങ്കിൽ 2017-18 ലെ ആദ്യ പത്തു മാസത്തില്‍ അത് 10,85,378 ടണ്ണായി ഉയർന്നു. 2016-17 ലെ ഇതേ കാലയളവിലെ കയറ്റുമതി മൂല്യം 32,620.03 കോടി രൂപയായിരുന്നെങ്കില്‍ 2017-18 ൽ അത് 35,916.60 കോടിയായി.
അളവില്‍ 13.68 ശതമാനവും, മൂല്യത്തില്‍ 10.11 ശതമാനവുമാണ് സമുദ്രോത്പന്ന കയറ്റുമതി രംഗത്തിന്റെ വളർച്ച. അമേരിക്ക, ദക്ഷിണ പൂര്‍വേഷ്യ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാൻ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. ആകെ കയറ്റുമതിയുടെ 42.05 ശതമാനം ശീതീകരിച്ച ചെമ്മീനാണ്. അമേരിക്കയാണ് ശീതീകരിച്ച ചെമ്മീനിന്റെ ഏറ്റവും വലിയ വിപണി.
ആഗോളതലത്തില്‍ ചെമ്മീനിന്റെ വിലയിടിവ്, മറ്റ് രാജ്യങ്ങള്‍ ഉത്പാദനം കൂട്ടിയത് എന്നീ വെല്ലുവിളികളെ അതിജീവിച്ചാണ് ഇന്ത്യന്‍ ചെമ്മീന്‍ ഈ നേട്ടം സ്വന്തമാക്കിയതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡോ. എ ജയതിലക് പറഞ്ഞു. ആന്റി ബയോട്ടിക്കുകളെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കിയ യൂറോപ്യന്‍ യൂണിയന്റെ നിബന്ധനകൾ തൃപ്തികരമായി കടന്നും ഇക്വഡോര്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചുമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജൈവ ചെമ്മീന്‍ കൃഷി, ശുദ്ധജല മത്സ്യകൃഷിയിലെ കര്‍ശനമായ ഇടപെടല്‍ എന്നിവയെല്ലാം കൊണ്ട് ഗുണമേന്മ കുറഞ്ഞ കയറ്റുമതി തടയാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശീതീകരിച്ച മീനിൻ്റെ കയറ്റുമതി് 250,465 ടണ്ണില്‍ നിന്നും 279,642 ടണ്ണായി ഉയര്‍ന്നു. കയറ്റുമതി അളവില്‍ 11.65 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 3.93 ശതമാനവും വളര്‍ച്ച നേടി.
Share your comments