
നിങ്ങളുടെ വാഹനങ്ങളിൽ ഡീസൽ നിറച്ചാൽ രണ്ട് കോടി രൂപ വരെ സമ്മാനം നേടാനുള്ള അവസരം ലഭിക്കും.
ഇന്ത്യൻ ഓയിലാണ് ഈ അവസരമൊരുക്കുന്നത്. ചുരുങ്ങിയത് 25 ലിറ്റർ ഡീസൽ നിറയ്ക്കുന്നവർക്കാണ് സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നായിരിക്കണം ഇന്ധനം നിറയ്ക്കേണ്ടത്. 'ഡീസൽ നിറയ്ക്കൂ, സമ്മാനം നേടൂ' എന്നാണ് ഓഫറിന്റെ പേര്.
രാജ്യത്തുടനീളമുള്ള ഇന്ത്യൻ ഓയിൽ ഔട്ട്‍ലെറ്റുകളിൽ ഓഫർ ലഭ്യമാണ്. 18 വയസിന് മുകളിലുള്ള മുഴുവൻ വ്യക്തികൾക്കും ഓഫർ ലഭിക്കും. ജൂലൈ 31 വരെ ഓഫറിന്റെ കാലാവധി. ഓഫർ ലഭിക്കുന്നതിന് 7799033333 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം.
ഡീലർ കോഡ്, ബിൽ നമ്പർ, എത്ര ലിറ്റർ ഡീസൽ എന്നീ ക്രമത്തിലായിരിക്കണം നിർദ്ദിഷ്ട നമ്പറിലേക്ക് എസ്എംഎസ് അയക്കേണ്ടത്. ഇന്ധനം നിറച്ച ഔട്ട്‍ലെറ്റിൽനിന്ന് ലഭിക്കുന്ന ബില്ലിലാണ് ഡീലർ കോഡ് ഉണ്ടാകുക. അതിനാൽ ഡീസൽ നിറച്ച് കഴിഞ്ഞാൽ ബിൽ ചോദിച്ച് വാങ്ങിക്കണം. ഒപ്പം ബിൽ നമ്പറും ഡീലർ കോഡും ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ഒരു മൊബൈൽ നമ്പറിൽനിന്ന് പ്രതിദിനം രണ്ട് SMS മാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ. ഒരു ഔട്ട്‍ലെറ്റിൽനിന്ന് രണ്ട് തവണ ഇന്ധനം നിറയ്ക്കുമ്പോഴോ അല്ലെങ്കിൽ രണ്ട് ഔട്ട്‍ലെറ്റുകളിൽനിന്ന് രണ്ട് തവണകളായി ഇന്ധനം നിറയ്ക്കുമ്പോഴോ എസ്എംഎസ് അയച്ച് മത്സരത്തിൽ പങ്കെടുക്കാനാകും. വിജയികളെ ലക്കി നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക. നാല് മെഗാ വിജയികൾക്ക് രണ്ട് ലക്ഷം രൂപ വീതവും 16 ഭാഗ്യശാലികൾക്ക് 75,000 രൂപ വീതവും ലഭിക്കും.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും 70 ഭാഗ്യശാലികൾക്ക് 25,000 വീതവും ആഴ്ചയിൽ 500 പേർക്ക് 1,000 രൂപ വീതവും നൽകും.
Share your comments