എറണാകുളം: സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ സംരംഭക സഹായ കേന്ദ്രം നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പായിരിക്കും. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംരംഭക സഹായ കേന്ദ്രത്തിൽ നിരവധി സേവനങ്ങളാണ് തത്സമയം ഒരുക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വനിതകൾക്ക് എളുപ്പത്തിൽ സംരംഭം തുടങ്ങാൻ സഹായിക്കുന്ന സബ്സിഡി പദ്ധതികൾ
സ്റ്റാർട്ട് അപ്പുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് മുതൽ സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ രജിസ്ട്രേഷൻ വരെ ഇവിടെ സാധ്യമാണ്. ലോൺ സംബന്ധമായും സംരംഭകത്വവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ സംശയങ്ങൾക്കും ഇവിടെയെത്തിയാൽ ഉത്തരം ലഭിക്കും. ഏപ്രിൽ എട്ട് വരെ നടക്കുന്ന പ്രദർശന വിപണന മേളയിൽ ഓരോ ദിവസവും ഓരോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളെ മുൻനിർത്തിയാണ് സേവനം ലഭ്യമാക്കുന്നത്.
സംരംഭകർക്ക് ആവശ്യമായ യന്ത്രങ്ങൾ പരിചയപ്പെടുത്തുന്നതിന് മെഷീനറി എക്സ്പോയും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനത്തിനായി അഗ്രോ ഫുഡ് സ്റ്റാളും വ്യവസായ വകുപ്പ് മേളയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ വഴിയുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നതിലുപരി സംരംഭകർക്ക് ആവശ്യമായ വിവിധ സേവനങ്ങളും ഉപദേശങ്ങളും നൽകുന്ന ഫെസിലിറ്റേറ്റർ എന്ന നിലയിലാണ് വ്യവസായ വകുപ്പിന്റെ സ്റ്റാൾ പ്രവർത്തിക്കുന്നത്.
സംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും വ്യവസായം തുടങ്ങാൻ ആവശ്യമായ അനുമതികൾ സമയബന്ധിതമായി നൽകുകയും വഴി കേരളത്തെ മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സാമ്പത്തിക വളർച്ച സൂക്ഷ്മ-ചെറുകിട- ഇടത്തരം സം രംഭങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് സഹായിക്കുന്നതിനായി ജില്ലകളിൽ എം.എസ്.എം.ഇ പ്രദർശന മേളകൾ നടത്തി വരുന്നുണ്ട്.
Share your comments