നാളികേര വികസന ബോർഡിന്റെ പുതുക്കിയ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് അഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ. ഭാഗികമായ അംഗവൈകല്യങ്ങൾക്ക് രണ്ടര ലക്ഷം രൂപയും അപകട സംബന്ധമായ ചികിത്സാ ചെലവുകൾക്ക് പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് പദ്ധതി നടപ്പാക്കുന്നത്. നാളികേര വികസന ബോർഡിന്റെ തെങ്ങുകയറ്റ പരിശീലനമോ നീര ടെക്‌നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർക്ക് ആദ്യവർഷം ഇൻഷുറൻസ് സൗജന്യമാണ്.
അവരുടെ ഒരു വർഷത്തെ പ്രീമിയം തുക ബോർഡ് വഹിക്കും. ഇൻഷുറൻസ് കാലാവധി ഒരു വർഷം. കാലാവധിക്കു ശേഷം 99 രൂപ നൽകി പോളിസി പുതുക്കാം. പരമ്പരാഗതമായി തെങ്ങുകയറ്റം തൊഴിലായി ചെയ്യുന്ന പതിനെട്ടു വയസ്സിനു മുകളിലും 65 വയസ്സിനു താഴെയുമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ മുടക്കി പദ്ധതിയിൽ ചേരാം.
നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകൾ ചെയർമാൻ, നാളികേര വികസന ബോർഡ്, കേരഭവൻ, എസ്.ആർ.വി. റോഡ്, കൊച്ചി 682011 എന്ന വിലാസത്തിൽ അയയ്ക്കണം. ഓൺലൈനായി പണം അടയ്ക്കാനും സൗകര്യമുണ്ട്.
വിവരങ്ങൾക്ക് www.coconutboard.gov.in, ഫോൺ : 0484 2377266, 0484 2377255.
Share your comments