പ്രളയക്കെടുതിയില്‍ കൃഷിനശിച്ചവര്‍ക്കെല്ലാം സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് പരിഗണിക്കാതെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ.
പ്രകൃതിദുരന്തങ്ങളില്‍ കൃഷിനശിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കുമാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ ജൂലായില്‍ ഇറക്കിയ ഉത്തരവപ്രകാരമുള്ള തീരുമാനം. എന്നാല്‍, ഇപ്പോഴുണ്ടായ പ്രളയക്കെടുതിയില്‍ നഷ്ടം കണക്കാക്കുമ്പോള്‍ ഈ നിബന്ധന ബാധകമാക്കേണ്ടെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരമെല്ലാം ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്താമെന്നാണ് കൃഷിവകുപ്പിന്റെ തീരുമാനം. തെങ്ങും റബ്ബറും മാവുമടക്കം 27 പ്രധാന വിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. കൃഷിച്ചെലവിനുപുറമേ, ആശ്വാസസഹായവും ലഭിക്കുന്ന വിധത്തിലാണ് പദ്ധതി.
ഇത്തവണ 1000 കോടിയിലധികം നഷ്ടമാണ് സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കര്‍ഷകര്‍ മാത്രമാണ് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടത്. ഇവരിലേറെയും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരാണ്. ചെറുകിട-നാമമാത്ര കര്‍ഷകരുടെ നഷ്ടം കണക്കില്‍പ്പെട്ടില്ല. ഇതോടെയാണ് എല്ലാ നഷ്ടവും തിട്ടപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന രേഖാപരമായ നിര്‍ദേശം എവിടെയുമില്ല. അതിനുള്ള തീരുമാനം സര്‍ക്കാരില്‍നിന്ന് ഉടനുണ്ടാകുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
14 ജില്ലകളില്‍നിന്നുമായി 22,756 കര്‍ഷകര്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രളയം ഏറ്റവുമധികം ബാധിച്ച പത്തനംതിട്ട ജില്ലയില്‍ 273 കര്‍ഷകരും ഇടുക്കിയില്‍ 550 പേരും എറണാകുളത്ത് 933 പേരും മാത്രമാണു തങ്ങളുടെ വിള ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് വയനാട്ടിലാണ് - 31 കര്‍ഷകര്‍. കോഴിക്കോട് -595 പേരും കണ്ണൂരില്‍ 3020 പേരും കോട്ടയത്ത് 2151 പേരും പാലക്കാട് 1754 പേരും പദ്ധതിയിലുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള ഏതാണ്ട് 19 ലക്ഷത്തോളം വരുന്ന കര്‍ഷകരില്‍ 46,136 പേര്‍ മാത്രമാണ് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) പ്രകാരം വിള ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിച്ച് എത്രയും പെട്ടെന്നു കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ചു കര്‍ഷകര്‍ക്കു മാത്രമേ ഇതിന്റെ പ്രയോജനം കിട്ടാനിടയുള്ളൂ.
ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കാന്‍ വൈകുന്നതാണ് അംഗത്വം കുറയാന്‍ കാരണമെന്നാണ് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നത്. 2017-18-ല്‍ ഒറ്റ കര്‍ഷകനു പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017-18-ല്‍ 24,450 കോടി രൂപയാണ് പ്രീമിയമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയിലാകെ പിരിച്ചെടുത്തത്.
Source: Various newspapers
Share your comments