കല്‍പ്പറ്റ: അന്താരാഷ്ട്ര കാപ്പിദിനാചരണം ഒക്‌ടോബര്‍ 1ന് കല്‍പ്പറ്റ വൈന്‍ഡ്‌വാലി ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതായും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയായ കാര്‍ഷിക ഉത്പാദന-വിപണന കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് കാപ്പിദിന പരിപാടികള്‍.
കോഫിബോര്‍ഡ്, നബാര്‍ഡ്, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലെ വികാസ് പീഡിയ പോര്‍ട്ടല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണപരിപാടികള്‍ നടക്കുക. അഗ്രികള്‍ച്ചര്‍ വേള്‍ഡ്, ബിസിനസ് ദീപിക തുടങ്ങിയ മാധ്യമസ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകും. കല്‍പ്പറ്റ വൈന്‍ഡ്‌വാലി ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ ഞായറാഴ്ച രാവിലെ മുതലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 10 മണി മുതല്‍ വിവിധ കാപ്പി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാവും. വിവിധ ബ്രാന്റഡ് കമ്പനികള്‍ ഇതില്‍ പങ്കെടുക്കും. അന്തര്‍ദേശീയ കാപ്പിദിനസന്ദേശമായ കാപ്പി നിങ്ങള്‍ക്കും എനിക്കും എന്ന വിഷയത്തില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ ദേശീയ സമിനാര്‍ ഉണ്ടാകും.
എന്തുകൊണ്ട് വയനാട് കോഫി ബ്രാന്റ് ചെയ്യപ്പെടണം എന്ന വിഷയത്തില്‍ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കറുത്തമണി, കാപ്പി അധിഷ്ഠിത സമ്മിശ്രകൃഷിയില്‍ അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്.ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന്‍, ജൈവകാപ്പിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഓര്‍ഗാനിക് വയനാട് ഡയറക്ടര്‍ കെ.യു.ജോര്‍ജ്ജ്, കാപ്പികര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ്, കാപ്പിയുടെ വിപണനസാധ്യതകളെപ്പറ്റി വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കാപ്പികൃഷിയും ടൂറിസവും എന്ന വിഷയത്തില്‍ കബനി കമ്മ്യൂണിറ്റി ടൂറിസം എം.ഡി. സുമേഷ് മംഗലശ്ശേരി, കാപ്പികൃഷിയിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍ വേകഫേ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ റോയി ആന്റണി എന്നിവരും പ്രഭാഷണം നടത്തും. വയനാട് ജില്ലയിലെ കാപ്പികൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വൈകുന്നേരം 4.30ന് നടക്കുന്ന പൊതുസമ്മേളനം എം.ഐ.ഷാനവാസ് എം.പി.ഉത്ഘാടനം ചെയ്യും. എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കാപ്പിസല്‍ക്കാരവും ഉണ്ടാവും. പത്രസമ്മേളനത്തില്‍ കോഫിബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി, നബാര്‍ഡ് എ.ജി.എം. എന്‍.എസ്.സജികുമാര്‍, വേവിന്‍ പ്രൊഡ്യൂസര്‍കമ്പനി ചെയര്‍മാന്‍ എം.കെ.ദേവസ്യ, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
Share your comments