-
-
News
അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്ടോബര്‍ ഒന്നിന് വയനാട്ടില്‍
അന്താരാഷ്ട്ര കാപ്പി ദിനമായ ഒക്ടോബര്‍ ഒന്ന് വിപുലമായ പരിപാടികളോടെ വയനാട് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ആചരിക്കും. കാപ്പിയില്‍ സ്ത്രീകള്‍ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കോഫി ദിനത്തിന്റെ വിഷയം
അന്താരാഷ്ട്ര കാപ്പി ദിനമായ ഒക്ടോബര്‍ ഒന്ന് വിപുലമായ പരിപാടികളോടെ വയനാട് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ആചരിക്കും. കാപ്പിയില്‍ സ്ത്രീകള്‍ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കോഫി ദിനത്തിന്റെ വിഷയം. കര്‍ഷകരും സംരംഭകരെയും തൊഴിലന്വേഷകരെയും സ്ത്രീകളെയും കാപ്പിയുടെ ഉല്പാദനം മുതല്‍ ഉപയോഗം വരെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഫി ബോര്‍ഡ്, വികാസ്പീഡിയ, കൃഷിജാഗരണ്‍ തുടങ്ങിയവയുടെ സഹകരണത്തോടെനബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പ്പാദന കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍ 1983 ലാണ് ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചത്. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ ലഭിച്ചത്. 1997 ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം. അയര്‍ലന്റില്‍ സെപ്റ്റംബര്‍ 18, മംഗോളിയ സെപ്റ്റംബര്‍ 20, സ്വിറ്റ്‌സര്‍ലന്റ് സെപ്റ്റംബര്‍ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 24 നാണ് ദേശീയ കാപ്പിദിനം. ജപ്പാനിലും ശ്രീലങ്കയിലും ഒക്‌ടോബര്‍ ഒന്നിന് ദേശീയതലത്തില്‍കാപ്പിദിനം സംഘടിപ്പിച്ചു വരുന്നു. 2014 മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ മിലാനില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് 2015 മുതല്‍ ഒക്‌ടോബര്‍ ഒന്നിന് ആഗോളതലത്തില്‍ കാപ്പിദിനം ആചരിക്കാന്‍ തീരുമാനം എടുത്തത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആഗോള കാപ്പിദിനാചരണ പരിപാടിയില്‍ ഓര്‍ഗനൈസേഷന്റെ 77 അംഗരാജ്യങ്ങളും ഡസന്‍ കണക്കിന് കോഫി അസോസിയേഷനും പങ്കാളികളാകുന്നു. 2011 മുതല്‍ ന്യൂ ഇംഗ്ലണ്ട് കോഫി ലവേഴ്‌സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇന്റര്‍ നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും ഒക്ടോബര്‍ ഒന്ന് അന്താരാഷ്ട്ര കാപ്പി ദിനമായി ആചരിച്ചു വരുന്നത്.
ഇന്ത്യയിലെ കാപ്പി ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം കര്‍ണ്ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും കര്‍ണ്ണാടകയാണ്. ഒരു ഹെക്ടറില്‍ 1000 കിലോഗ്രാം കാപ്പി ഉത്പാദിപ്പിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വര്‍ഷം 2.33 ലക്ഷം മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. റോബസ്റ്റയാണ് കൃഷിയിലെ പ്രധാന ഇനം. കര്‍ണ്ണാടക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. വയനാടും തിരുവിതാംകൂറുമാണ് പ്രധാന ഉത്പാദകര്‍. കേരളത്തിലെ 95 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നത് വയനാടാണ്. ഒരു ഹെക്ടറിലെ വിളവ് 790 കിലോ ഗ്രാമാണ്. ഒരു വര്‍ഷം 67700 മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. കേരളത്തിലെയും പ്രധാന കൃഷിയിനം റോബസ്റ്റ തന്നെയാണ്. 67462 ഹെക്ടര്‍ സ്ഥലത്താണ് വയനാട്ടില്‍ കാപ്പികൃഷി ചെയ്യുന്നത്. വയനാട്ടില്‍ നിലവില്‍ അറുപതിനായിരം കാപ്പി കര്‍ഷകരാണുള്ളത്.
കാപ്പി ഉത്പാദനത്തില്‍ മൂന്നാംസ്ഥാനം തമിഴ്‌നാടിനാണ്. അറബിക്ക, റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പികള്‍ കൃഷിചെയ്യുന്ന തമിഴ്‌നാട്ടില്‍ ഒരു വര്‍ഷം 17875 മെട്രിക് ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്. കാപ്പിക്കുരു വിറ്റ് പണം നേടുക എന്നതിനുപരിയായി കാപ്പിയില്‍ നിന്നും കാപ്പിപ്പൊടി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക, റോസ്റ്റ് ചെയ്ത കാപ്പിക്കുരു വില്‍ക്കുക, റബ്ബറില്‍ ഇടവിളയായി കാപ്പി കൃഷി ചെയ്യുക തുടങ്ങിയ പരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ തലമുറയിലെ കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്. ഗുണമേന്‍മയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തയ്യാറാക്കുന്ന കാപ്പിക്കുരുവിനും പൊടിക്കും ആഭ്യന്തരവിപണിയിലെന്നപോലെ വിദേശ വിപണിയിലും വന്‍ ഡിമാന്‍ഡാണുള്ളത്. ഇതു തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച ഇനം കാപ്പി വിപണിയില്‍ ലഭ്യമാക്കാന്‍ മിക്ക കര്‍ഷകരും ശ്രമിക്കുന്നുണ്ട്. കേരളത്തിലെ കാപ്പി ഉത്പാദനത്തില്‍ മുന്നിലുള്ള വയനാട് വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണെന്നതും കാപ്പിയുടെ വിപണന സാധ്യത കൂട്ടുന്നു.
കാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്കൊരു മുതല്‍ക്കൂട്ടുകൂടിയാണ് കോഫീ ഡേ ദിനാചരണം. ഒക്ടോബര്‍ ഒന്നിന് രാവിലെ പത്ത് മണി മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. സ്ത്രീകളും കാപ്പിയുംഎന്ന വിഷയത്തില്‍ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ വര്‍ഷം കോഫി ബോര്‍ഡിന്റെ ഫ്‌ളേവര്‍ ഓഫ് ഇന്ത്യ ഫൈന്‍ കപ് അവാര്‍ഡ് നേടിയ ചെറുകിട കാപ്പി കര്‍ഷക മാനന്തവാടി പുതിയിടം ജ്വാലിനി നേമചന്ദ്രന്‍, ഒന്നര പതിറ്റായി കാപ്പിയില്‍ ചെറുകിട സംരംഭം നടത്തി വരുന്ന മക്കിയാട് പ്രണവം കോഫി സെന്ററിലെ മേച്ചിലാട്ട് എന്‍.കെ. രമാദേവി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വേവിന്‍ പ്രൊഡ്യുസര്‍ കമ്പനി പുറത്തിറക്കിയ, വിപണിയില്‍ ഏറെ ഡിമാന്റ് ഉള്ള റോബസ്റ്റയും അറബിക്കയും ബ്ലെന്‍ഡ് ചെയ്ത ഫില്‍റ്റര്‍ കോഫിയായ വിന്‍കോഫിയുടെ വിപണനവും ഈ ദിനത്തില്‍ നടക്കും. വിവിധയിനം കാപ്പിയുടെ പ്രദര്‍ശനവും വ്യത്യസ്തയിനം കാപ്പി രുചിക്കാനുള്ള അവസരവും പരിപാടിയില്‍ ഉണ്ടാകും. അതോടൊപ്പം കടാശ്വാസം ഉള്‍പ്പടെ കാപ്പി കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പു ശേഖരത്തിനും അന്ന് തുടക്കം കുറിക്കും.
English Summary: international coffee day at Wayanad
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments