കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് സര്‍ക്കാറിന്റെ കടമയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വേളൂര്‍ ജി.എം.യു.പി സ്‌കൂളില്‍ ഒരു കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ശക്തമായ ഊന്നല്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ സാക്ഷരതാ നിരക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. അതുകൊണ്ടാണ് നഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ കൊഴിഞ്ഞുപോക്കില്ലാതെ കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യ സമന്വയിപ്പിക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠന വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഈ സംരംഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുമെന്നും ഡിജിറ്റല്‍ യുഗത്തിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. നവ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ.കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പ്പകള്‍ തരുന്ന ബാങ്കുകൾ ഏതൊക്കെയാണ്?
എല്‍.എസ്.ജി.ഡി അസി.എഞ്ചിനീയര്‍ റസീന എം പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സമ്മോഹന്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത ഫാത്തിമ ഫഹ്മയേയും സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ വിജയിച്ച ജ്യോതികയെയും അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത എ.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുധ കാപ്പില്‍ ,ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫൗസിയ ഉസ്മാന്‍, കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാര്‍.സി, വടകര ഡി.ഇ.ഒ ഹെലന്‍ ഹൈസന്ത് മെന്‍ഡോണ്‍സ്, കൊയിലാണ്ടി എ.ഇ.ഒ ഗിരീഷ്, കുമാര്‍.എ.പി, ബി.ആര്‍ .സി പന്തലായനി ബി.പി സി ഉണ്ണികൃഷ്ണന്‍.കെ,പി.ടി.എ പ്രസിഡന്റ് വി.എം മനോജ് കുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ സ്വാഗതവും എച്ച് എം ഇന്‍ ചാര്‍ജ് പി.പി സീമ നന്ദിയും പറഞ്ഞു.
Share your comments