കല്‍പറ്റ- ആഗോളതലത്തില്‍ ചക്കയുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും ഉപഭോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല പ്ലാവിന്റെ ജനിതകശേഖരം ഒരുക്കുന്നു. മണ്ണിനും കലാവസ്ഥയ്ക്കും യോജിച്ചതും നേരത്തേ കായ്ക്കുന്നതും ഉയര്‍ന്ന വിളവ് ലഭിക്കുന്നതുമായ തൈകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും അതുവഴി ചക്കയുടെ ഉത്പാദനം വര്‍ധിപ്പിക്കുകയുമാണ് ജനിതകശേഖരത്തിലൂടെ സര്‍വകലാശാല ലക്ഷ്യമിടുന്നത്.
ജനിതശേഖരം എവിടെ ഒരുക്കണമെന്നതടക്കം വിഷയങ്ങളില്‍ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഓഗസ്റ്റ് ഒമ്പത് മുതല്‍ 14 വരെ നടത്തുന്ന അന്താരാഷ്ട്ര ചക്കമഹോത്സവത്തിനിടെ സര്‍വകലാശാലയിലെ വിദഗ്ധര്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.
രാജ്യത്തിനകത്തും പുറത്തും ലഭ്യമായതില്‍ മേത്തരം പ്ലാവിനങ്ങളുടെ ഗ്രാഫ്റ്റുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ജനിതകശേഖരം ഉതകുമെന്ന് അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സ്ഥലസൗകര്യം അമ്പലവയലില്‍ ഉണ്ടെങ്കിലും ജനിതക ശേഖരം ഇവിടെത്തന്നെ വേണോ എന്ന് സര്‍വകലാശാലയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലവയലില്‍ 87 ഹെക്ടര്‍ ഭൂമിയിലാണ് മേഖല കാര്‍ഷിക ഗവേഷണകേന്ദ്രം. 1945ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ ആരംഭിച്ച തോട്ടമാണ് 1972ലെ കാര്‍ഷിക സര്‍വകലാശാലാ രൂപീകരണത്തിനു പിന്നാലെ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്. കാപ്പി, കുരുമുളക്, നെല്ല്, തെങ്ങ്, കമുക്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തീറ്റപ്പുല്ലുകള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ വിജയകരമായ കൃഷിയില്‍ കര്‍ഷകര്‍ക്ക് നേരിട്ടും അല്ലാതെയും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗവേഷണകേന്ദ്രം മേത്തരം നടീല്‍വസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നുണ്ട്. നിലവില്‍ വിവിധ ഇനങ്ങളിലായി 600ലധികം പ്ലാവുകള്‍ ഗവേഷണ കേന്ദ്രത്തിലുണ്ട്. ജനിതകശേഖരം അമ്പലവയലിലാകുന്നത് വയനാടിനു മുതല്‍ക്കൂട്ടാകുമെന്ന് ഗവേഷണകേന്ദ്രം മേധാവി പറഞ്ഞു
Share your comments