1. News

ചക്കപ്പഴം കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കും; മന്ത്രി വി.എസ്. സുനില്‍കുമാര്‍

ചക്കപ്പഴം കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനുള്ള നടപടി നടന്നുവരുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കല്ലിയൂരില്‍ ദേശീയ വാഴമഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

KJ Staff
ചക്കപ്പഴം കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനുള്ള നടപടി നടന്നുവരുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കല്ലിയൂരില്‍ ദേശീയ വാഴമഹോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വാഴമഹോത്സവത്തില്‍ ഉരുത്തിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങളായ എന്‍.ആര്‍.സിയുടെ റീജിയണല്‍ സെന്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുക, വിഴിഞ്ഞം ഹാര്‍ബറുമായി ബന്ധപ്പെടുത്തി വാഴപ്പഴത്തിന്റെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനമുണ്ടാക്കുക, കേരളത്തിന്റെ വാഴപ്പഴം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി കേരളത്തില്‍ ബനാന ഓക്ഷന്‍ സെന്റര്‍ സ്ഥാപിക്കുക, വാഴപ്പഴം വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന വിമാനചാര്‍ജ്ജ് മറികടക്കാന്‍ ശീതീകരണ സംഭരണശാലകള്‍ ഉപയോഗിച്ച് കടല്‍മാര്‍ഗ്ഗം വാഴപ്പഴം കയറ്റി അയക്കാനുള്ള സംവിധാനം ഒരുക്കുക, ഭാരതത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള വാഴയുടെ മൂല്യവര്‍ദ്ധിത ഉല്പന്ന ഉത്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധന വരുത്താനുള്ള സാങ്കേതികവിദ്യകള്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുക, ലോകം മുഴുവനും ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ വാഴകൃഷിക്കും ഈ രീതിയിലേക്ക് മാറാന്‍ വേണ്ട പ്രോത്സാഹനം നല്‍കുക, വാഴയിലെ ജൈവവൈവിദ്ധ്യം ഏറെയുള്ള ഭാരതത്തില്‍ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്നതുപോലുള്ള നാഷണല്‍ ബനാന മ്യൂസിയം ആരംഭിക്കുക എന്നിവ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൂടാതെ കേരളത്തിലെ ആദ്യത്തെ അഗ്രോപാര്‍ക്ക് കണ്ണാറയിലെ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ 25 ഏക്കറില്‍ ആരംഭിക്കും. 100 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് ഇടപെട്ടാല്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കാര്‍ഷികസംസ്‌കാരത്തില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ടുപോകുന്ന ഈ കാലഘട്ടത്തില്‍ ദേശീയ വാഴമഹോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് കാര്‍ഷികമേഖലയ്ക്ക് ഉണര്‍വു നല്‍കുമെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തളകുമാരി പറഞ്ഞു. 

കഴിഞ്ഞ കുറെ കാലമായി കൃഷിഭൂമി ഭൂമാഫിയ അപഹരിക്കുകയാണെന്നും ഇതുമൂലം കര്‍ഷകര്‍ നിരാശയിലാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. എം.ജി. ശശിഭൂഷണ്‍ അഭിപ്രായപ്പെട്ടു. വാഴമഹോത്സവം പോലുള്ള പരിപാടികള്‍ കൃഷിഭൂമി കര്‍ഷകന് തിരികെ കിട്ടാനുള്ള സാഹചര്യമൊരുക്കാന്‍ സഹായകമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വാഴപ്പഴത്തെപ്പറ്റി അനേകം വ്യാപാരികള്‍ എഴുതിയിട്ടുണ്ട്. അതുപോലെ സാഹിത്യത്തിലും സംഗീതത്തിലും വാഴ നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും ദേശകാലഭേദമില്ലാതെ ഏവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് വാഴപ്പഴമെന്നും അദ്ദേഹം പറഞ്ഞു.

കല്ലിയൂരില്‍ സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവം ഈ വര്‍ഷം തന്നെ ചിങ്ങത്തില്‍ മങ്കൊമ്പ് ഗ്രാമത്തിലും നടത്തുമെന്ന് പരിപാടിയില്‍ സംസാരിച്ച സുരേഷ്‌ഗോപി എം.പി പറഞ്ഞു.കാര്‍ഷികമേഖലയിലെ അമിതമായ രാസവള ഉപയോഗം മലയാളിക്ക് സമ്മാനിച്ചത് അസുഖം മാത്രമാണെന്നും കേരളത്തിന് പേരു നല്‍കുന്ന കേരവൃക്ഷം പോലും കേരളത്തിന് നഷ്ടമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിക്കും ഒരു പച്ചക്കറിയെങ്കിലും നട്ടുപിടിപ്പിച്ച് മണ്ണിന് സംഭാവന നല്‍കാന്‍ സാധിക്കണമെന്നും എം.പി. ഓര്‍മ്മിപ്പിച്ചു.  
English Summary: jackfruit official fruit of Kerala

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds