കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 90 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
നിലവിൽ വാട്ടർ അതോറിറ്റിയിൽ നിന്നും പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന് 7500 മുതൽ 25000 രൂപയും അതിനു മുകളിലും പല പ്ലംബർമാരും അനധികൃതരായ ചില ഏജന്റ്‌മാരും ഈടാക്കുന്നുണ്ട്.
ഈ വാങ്ങുന്ന പണത്തിന് പലസ്ഥലങ്ങളിലും കൃത്യമായ രേഖകളോ രശീതിയോ നൽകാറില്ല. ഇത്തരത്തിൽ പുതിയ വാട്ടർ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താക്കൾ പല ഇനത്തിലും കബളിപ്പിക്കലിന് ഇരയാകാറുണ്ട്. ഇത്തരം അനധികൃത ആളുകൾ പല ഇനത്തിലും അമിത തുകകൾ ഈടാക്കുന്നതിനാൽ അത്യാവശ്യക്കാരായ ആളുകൾ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിനു മടിച്ചു നിൽക്കുകയാണ്.
ജൽ ജീവൻ മിഷൻ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ തുച്ഛമായ 10% -അതായത് 450 രൂപ മുതലുള്ള ഗുണഭോക്തൃവിഹിതം മാത്രം അടച്ചു പുതിയ വാട്ടർ കണക്ഷൻ എടുക്കാവുന്നതാണ്.
എന്താണ് ജൽ ജീവൻ മിഷൻ പദ്ധതി
കേന്ദ്രസർക്കാർ 45% വിഹിതം സംസ്ഥാന സർക്കാർ 30% വിഹിതം
ഗ്രാമപഞ്ചായത്ത് 15% വിഹിതം ആകെ 90% ഗവൺമെൻറ് സബ്സിഡിയും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്.
ഈ പദ്ധതി വഴി എങ്ങനെ പുതിയ വാട്ടർ കണക്ഷൻ എടുക്കും?
ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ഉള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.
കേന്ദ്ര മാനദണ്ഡമനുസരിച്ച് ഈ പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിനെയോ വാർഡ് മെമ്പറേയോ സമീപിച്ച് അപേക്ഷ നൽകുക . സംശയ നിവാരണത്തിനും മാർഗ നിർദ്ദേശങ്ങൾക്കും പദ്ധതിയുടെ നോഡൽ ഏജൻസിയായ വാട്ടർ അതോറിറ്റി യുടെ താങ്കളുടെ പഞ്ചായത്തിന്റെ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയറെ സമീപിക്കുക. അല്ലെങ്കിൽ അതോറിറ്റി ട്രോൾ ഫ്രീ നമ്പറായ 1916 ൽ ബന്ധപ്പെടുക.
Share your comments