ജലവിഭവ വകുപ്പ് രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച 'ജലം ജീവാമൃതം' പ്രചാരണ പരിപാടി ഫലപ്രദമാകുന്നു. പദ്ധതിയുടെ ഭാഗമായി, കടുത്ത ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണത്തിന് ജലമെടുക്കുന്നതിനായി സംസ്ഥാനത്തുടനീളം 207 വെന്‍ഡിങ് പോയിന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബോധവല്‍ക്കരണ പരിപാടികളും വേനലിന്‍റെ രൂക്ഷത ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് 'ജലം ജീവാമൃതം'. നിലവിലെ ജലസ്രോതസ്സുകളില്‍ ജലലഭ്യത തീരെ കുറഞ്ഞാല്‍ ബദല്‍മാര്‍ഗമായി ഉപയോഗിക്കാന്‍ പാറമടകളുടെ കണക്കെടുപ്പ് എല്ലാ ജില്ലകളിലും നടന്നുവരുന്നു.
ജലസ്രോതസ്സുകളില്‍ ലഭ്യമായ ജലം പരമാവധി സംഭരിക്കാനും ലവണജലത്തിന്‍റെ കടന്നുകയറ്റം തടയാനുമായി 87 തടയണകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ 63 തടയണകള്‍ വാട്ടര്‍ അതോറിറ്റിയും പതിനെട്ടെണ്ണം ജലസേചനവകുപ്പും ആറെണ്ണം തദ്ദേശസ്വയംഭരണ വകുപ്പുമാണ് നിര്‍മിച്ചത്.
രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ജലലഭ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ഇന്‍റര്‍കണക്ഷന്‍ നല്‍കി ക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ജലഉപഭോഗം നിയന്ത്രിക്കാനും ജലചൂഷണം തടയാനുമായുള്ള സ്ക്വാഡ് പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ജലസംരക്ഷണത്തിന് മികച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ജലം ജീവാമൃതം കൈപ്പുസ്തകത്തിന്‍റെ വിതരണം എല്ലാ ജില്ലകളിലും നടന്നുവരുന്നു. സമൂഹമാധ്യമങ്ങളിലൂടെ എല്ലാ ദിവസവും ജലസംരക്ഷണ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നു. ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പരസ്യചിത്രങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു.
Share your comments