കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ ജൂറി കമ്മിറ്റി അഴിയൂർ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ നിന്ന് വിരമിച്ച ഡോ.എ കെ ഗുപ്ത ചെയർമാനായ ജൂറി കമ്മിറ്റിയാണ് അഴിയൂരിൽ എത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും നടന്നു
ജൈവവൈവിധ്യ പരിപാലനരംഗത്ത് പഞ്ചായത്ത് നടത്തിയ മികച്ച ഇടപെടലുകളുടെയും നൂതന പദ്ധതികളുടെയും അടിസ്ഥാനത്തിൽ 2022 ലെ മികച്ച ദേശീയ ബിഎംസികൾക്കുള്ള അവാർഡിനായി പഞ്ചായത്ത് അപേക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനം, കുടിനീർ തെളിനീർ, മുത്തശ്ശിയോട് ചോദിക്കാം, തീരതണൽ പദ്ധതി, ഔഷധ ചെടി വിതരണം, കിണർ വെള്ളം പരിശോധന, കോഴി മാലിന്യനിർമാർജന പദ്ധതി, ഫിലമെന്റ് രഹിത ഗ്രാമം എന്നീ പദ്ധതികളുടെ വിശദാംശങ്ങൾ സംഘം നേരിട്ടു മനസ്സിലാക്കി.
പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ്, കണ്ടൽ വനം പ്രദേശം, തീര തണൽ പദ്ധതി പ്രദേശം, ചോമ്പാൽ കല്ലുപാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പ്രൊജക്റ്റ് അസിസ്റ്റന്റ് കെ കെ സഫീർ, ബയോഡൈവേഴ്സിറ്റി കൺവീനർ പി കെ പ്രകാശൻ, മറ്റ് ബിഎംസി അംഗങ്ങൾ, ജലമിത്രങ്ങൾ, ഔഷധ മിത്രങ്ങൾ, തീര മിത്രങ്ങൾ, ഊർജ്ജ മിത്രങ്ങൾ, എന്നിവരുമായി സംഘം ആശയവിനിമയം നടത്തി.
ഇന്ത്യയിൽ ആകെ 323 അവാർഡ് അപേക്ഷകളിൽ കേരളത്തിൽ നിന്ന് ദേശീയ ജൈവവൈവിധ്യ ബോർഡിന്റെ അവാർഡിന് അഴിയൂർ ഗ്രാമപഞ്ചായത്ത് മാത്രമാണ് ഷൊർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് റിസർച്ച് ഓഫീസർ ഡോ കെ ശ്രീധരൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ കെ പി മഞ്ജു എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Share your comments