<
  1. News

ചെറുമത്സ്യബന്ധനം സമുദ്രമത്സ്യമേഖലക്ക് നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ

അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷവും നഷ്ടമുണ്ടായെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).

Meera Sandeep
ചെറുമത്സ്യബന്ധനം സമുദ്രമത്സ്യമേഖലക്ക് നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ
ചെറുമത്സ്യബന്ധനം സമുദ്രമത്സ്യമേഖലക്ക് നഷ്ടമുണ്ടാക്കുന്നു- സിഎംഎഫ്ആർഐ

തിരുവനന്തപുരം: അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് കഴിഞ്ഞവർഷവും നഷ്ടമുണ്ടായെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).

കഴിഞ്ഞവർഷം കേരളതീരത്ത് നിന്നും പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാൾ (എം എൽ എസ്) ചെറുതായിരുന്നു. ഈ ഗണത്തിൽ 178 കോടി രൂപയാണ് നഷ്ടം. മത്തിയുടെ കുഞ്ഞുങ്ങളെ പിടിച്ചതിലൂടെയുള്ള നഷ്ടം 137 കോടി രൂപയാണ്.

കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് സിഎംഎഫ്ആർഐ ഈ കണക്കുകൾ അവതരിപ്പിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്രോളിംഗ് നിരോധനകാലയളവിലാണ് മത്തിപോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ധാരാളമായി പിടിക്കുന്നതെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ടി എം നജ്മുദീൻ പറഞ്ഞു. എന്നാൽ, എംഎൽഎസ് നടപ്പിലാക്കാൻ തുടങ്ങിയതിന് ശേഷം ചെറുമീൻ മത്സ്യബന്ധനത്തിൽ മുൻകാലത്തേക്കാൾ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎസ് നിയന്ത്രണം കാരണം സമുദ്രമത്സ്യമേഖലയിലുണ്ടായ സ്വാധീനം മനസ്സിലാക്കാൻ സിഎംഎഫ്ആർഐ കിളിമീനുകളിൽ നടത്തിയ പഠനത്തിൽ, അവയുടെ ഉൽപാദനത്തിലും മൊത്തലഭ്യതയിലും ഗണ്യമായ വർധനയുണ്ടായതായി കണ്ടെത്തി. നിരോധനത്തിന് മുമ്പും ശേഷവുമുള്ള കണക്കുകൾ വിലയിരുത്തിയപ്പോൾ കിളിമീൻ ഉൽപാദനത്തിൽ 41 ശതമാനവും മൊത്തലഭ്യതയിൽ 27 ശതമാനവും വർധനയുണ്ടായി. ഇവയുടെ അംഗസംഖ്യാവർധന 64 ശതമാനമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കേരളവും ഉൾനാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )

കൂടുതൽ മത്സ്യയിനങ്ങൾ എംഎൽഎസ് നിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണെന്നും നിലവിലെ ചില മത്സ്യയിനങ്ങളുടെ എംഎൽഎസിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങളും ചർച്ചകളും പുരോഗമിച്ചുവരികയാണ്-അദ്ദേഹം പറഞ്ഞു.

ഒരുടൺ ചെറുമത്തികൾ പിടിക്കുമ്പോൾ മത്സ്യമേഖലയ്ക്ക് നഷ്ടമാകുന്നത് 4,54,000 രൂപയാണ്. ഇവയെ വളരാനനുവദിച്ചാൽ മത്സ്യമേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കുമാണ് ഗുണമുണ്ടാകുന്നത്. എംഎൽഎസ് നിയന്ത്രണമില്ലാത്ത സ്രാവിനങ്ങളിൽ നല്ലൊരു ശതമാനവും (82%) അവയുടെ പ്രജനനവലിപ്പത്തിൽ താഴെയാണെന്നും സിഎംഎഫ്ആർഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വയം നിയന്ത്രണങ്ങളും അനുകൂലമായ കാലാവസ്ഥയുമാണ് കഴിഞ്ഞ വർഷം മത്തി ഉൾപ്പെടെ മത്സ്യോൽപാദനം കൂടാനുള്ള കാരണമായി കരുതുന്നുതെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് എല്ലാ തീരദേശ സംസ്ഥാനങ്ങൾക്കും സിഎംഎഫ്ആർഐ നിർദേശം നൽകിയിരുന്നു. കേരളവും കർണാടകയും മാത്രമാണ് നിലവിൽ നടപ്പിലാക്കിയത്. ആഴക്കടൽ കൂന്തൽ, മധ്യോപരിതല മത്സ്യങ്ങൾ,  തെക്കൻ തീരങ്ങളിൽ കാണപ്പെടുന്ന ചെറിയ ഇനം പാമ്പാട എന്നിവ മികച്ച ഉൽപാദനക്ഷമതയുള്ള പാരമ്പര്യേതര മത്സ്യയിനങ്ങളാണെന്ന് സിഎംഎഫ്ആർഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, അനുബന്ധമേഖലകളിൽ പ്രവർത്തിക്കുന്നവർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ശിൽപശാലയിൽ സംബന്ധിച്ചു. എംഎൽഎസ് നിയന്ത്രണം ഇന്ത്യയിൽ എല്ലായിടത്തും നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. ചെറുമീൻപിടുത്തം നിരോധിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധനയാനങ്ങൾ കേരളതീരത്തേക്ക് കടന്നുവരുന്നത് തടയിടണം. പുതിയ യാനങ്ങൾക്ക് അനുമതി നൽകരുതെന്നും അവർ ആവശ്യപ്പെട്ടു.

English Summary: Juvenile fishing causes losses to marine fisheries - CMFRI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds