സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നൽകുന്നതാണ്. എല്ലാവർക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിൽ ഇൻ്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും. സംസ്ഥാന സർക്കാരിൻ്റെയും മറ്റ് സ്വകാര്യ ടെലികോം സർവ്വീസ് പ്രൊവൈഡറിൻ്റെയും നിലവിലുള്ള ബാൻ്റ് വിഡ്ത്ത് പരിശോധിച്ച് അതിൻ്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻ്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽ.എസ്.കേബിൾ, എസ്.ആർ.ഐ.റ്റിഎന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കെഫോൺ പദ്ധതിയുടെ നേട്ടങ്ങൾ
1. എല്ലാ സർവ്വീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇൻ്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ, കണ്ടൻ്റ് സർവ്വീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.
2. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാകും.
3. 30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.
4. ആർട്ടിഫിഷൽ ഇൻ്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും.
5. ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.
6. സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ- സർവ്വീസുകൾക്ക് കൂടുതൽ ബാൻ്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കെഫോൺ സഹായിക്കും.
7. ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോൺ പദ്ധതി സഹായിക്കും.
Share your comments