<
  1. News

കെ. വി ദയാൽ : മാതൃകയാക്കണം ഈ പ്രകൃതി സ്നേഹിയെ...

ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ പ്രകൃതിസ്നേഹിയായ കെ വി ദയാൽ എന്ന മഹനീയ വ്യക്തിത്വം ഒന്നര ഏക്കറിൽ സൃഷ്ടിച്ച മരങ്ങൾ തിങ്ങി നിറഞ്ഞ വലിയൊരു കാട് ഇന്ന് ലോകത്തിനുതന്നെ മാതൃകയാണ്. ജൈവകൃഷി രീതികളിലൂടെ പുതു മാറ്റങ്ങൾ സൃഷ്ടിച്ച മഹത് വ്യക്തിയാണ് അദ്ദേഹം. വീടിനോട് ചേർന്നിട്ടുള്ള ഒന്നര ഏക്കർ സ്ഥലത്ത് ഇരുന്നൂറോളം വ്യത്യസ്ത സസ്യങ്ങളും, ആയിരത്തോളം ജീവജാലങ്ങളും, ഒരു കാവും ചെറിയ രണ്ടു കുളവും ഉണ്ട്. സമ്പന്നമായി കാടിനെ ദയാൽ സർ വിളിക്കുന്ന പേര് ശ്രീകോവിൽ എന്നാണ്.

Priyanka Menon
K V Dayal
K V Dayal

ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ പ്രകൃതിസ്നേഹിയായ കെ വി ദയാൽ എന്ന മഹനീയ വ്യക്തിത്വം ഒന്നര ഏക്കറിൽ സൃഷ്ടിച്ച മരങ്ങൾ തിങ്ങി നിറഞ്ഞ വലിയൊരു കാട് ഇന്ന് ലോകത്തിനുതന്നെ മാതൃകയാണ്. ജൈവകൃഷി രീതികളിലൂടെ പുതു മാറ്റങ്ങൾ സൃഷ്ടിച്ച മഹത് വ്യക്തിയാണ് അദ്ദേഹം. വീടിനോട് ചേർന്നിട്ടുള്ള ഒന്നര ഏക്കർ സ്ഥലത്ത് ഇരുന്നൂറോളം വ്യത്യസ്ത സസ്യങ്ങളും, ആയിരത്തോളം ജീവജാലങ്ങളും, ഒരു കാവും ചെറിയ രണ്ടു കുളവും ഉണ്ട്. സമ്പന്നമായ കാടിനെ ദയാൽ സർ വിളിക്കുന്ന പേര് ശ്രീകോവിൽ എന്നാണ്. സൂര്യപ്രകാശം നിലത്ത് വീഴാത്ത വിധം ഒരുക്കിയ ഈ കാട് ഇന്നത്തെ തലമുറയ്ക്ക് ഒട്ടനവധി നല്ല സന്ദേശങ്ങളും ആണ് പകർന്നു നൽകുന്നത് നമ്മുടെ ആവാസവ്യവസ്ഥയിൽ കാടിനുള്ള പ്രാധാന്യം അദ്ദേഹം തൻറെ പ്രവൃത്തിയിലൂടെ മറ്റുള്ളവർക്ക് മുൻപാകെ പകർന്നു നൽകുന്നു.

20 വർഷം മുൻപ് അദ്ദേഹം ഈ സ്ഥലം വാങ്ങുമ്പോൾ അതൊരു മണൽപ്പരപ്പ് മാത്രമായിരുന്നു. അതിൽനിന്ന് ഇത്രയും വലിയൊരു പച്ചപ്പ് അവിടെ സൃഷ്ടിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് വർണനാതീതം ആണ്. ഈ സമയത്ത് അവിടെ നിറയെ തെങ്ങുകൾ വെച്ചുപിടിപ്പിച്ചെങ്കിലും ഇതിൽ നിന്ന് കാര്യമായ കായ്ഫലം ഒന്നും അദ്ദേഹത്തിന് ലഭിച്ചില്ല. പല പല പ്രയോഗങ്ങൾ നടത്തിയിട്ടും അത് ഒന്നും വിജയം കൊണ്ടതും ഇല്ല. ഈ സമയത്താണ് മസനോബു ഫുക്കുവോക്കയുടെ പ്രകൃതി കൃഷി രീതികളെ കുറിച്ച് അദ്ദേഹം അറിയുന്നത്. ഈ ജാപ്പനീസ് കർഷകൻറെ പല പുസ്തകങ്ങളും ദയാൽ സാറിൻറെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായി. ഈ ബുക്കുകൾ പകർന്നു നൽകിയ സന്ദേശത്തിന് ഫലമായി ആണ് വീടിനോട് ചുറ്റുമുള്ള സ്ഥലത്ത് നിറയെ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണം എന്ന ആശയം അദ്ദേഹത്തിൻറെ മനസ്സിലുദിച്ചത്

എൺപതുകളുടെ തുടക്കത്തിലാണ് അദ്ദേഹം മരങ്ങൾ ഈ സ്ഥലത്ത് വച്ചുപിടിപ്പിച്ചത്. ഇതുകൂടാതെ പ്രകൃതിയുടെ കൈയ്യൊപ്പ്( Nature sugnature foundation) 1986ൽ വൺ എർത്ത് വൺ ലൈഫ് സാരഥിയായ പ്രൊഫസർ ജോൺസി ജേക്കബിനെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ കോടഞ്ചേരി കാട്ടിനുള്ളിൽ നടത്തിയ പ്രകൃതി പഠന സഹവാസ ത്തിൽ അദ്ദേഹവും മക്കളും പങ്കെടുക്കുകയുണ്ടായി. ഈ പ്രകൃതി പഠന സഹവാസവും അദ്ദേഹത്തിൽ മാറ്റങ്ങളുണ്ടാക്കി. അതിനുശേഷമാണ് അദ്ദേഹം വേമ്പനാട് നാച്ചുറൽ ക്ലബ് എന്ന പരിസ്ഥിതിസംരക്ഷണ സംഘടനയ്ക്ക് രൂപം നൽകിയത്. ഈ സമയത്ത് ആണ് പ്രൊഫസർ ജോൺസി ജേക്കബിന്റെ മേൽനോട്ടത്തിൽ 1992 ഡിസംബർ 4, 5 തീയതികളിൽ ഒരു ട്രെയിനിങ് പ്രോഗ്രാം കാലടിയിൽ നടത്തുന്നത്. ഒട്ടനവധി പ്രകൃതിസ്നേഹികളും ഇതിൽ പങ്കെടുത്തു. ഇതിൻറെ ഉദ്ഘാടനം ചെയ്തത് പ്രകൃതിജീവനം കേരളത്തിലുടനീളം പ്രചാരത്തിൽ കൊണ്ടുവന്ന പ്രകൃതിചികിത്സാ ആചാര്യൻ സി ആർ വർമ്മ ആയിരുന്നു. ശ്രീ.സി ആർ വർമ്മയുമായി ചേർന്ന് അദ്ദേഹം പ്രകൃതിജീവന സന്ദേശങ്ങൾ പാലിക്കാനും പ്രവർത്തിക്കാനും തുടങ്ങി. ഇതേ കാലയളവിൽ തന്നെയാണ് പ്രൊഫസർ ജോൺസി ജേക്കബിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി ജൈവ കർഷക സമിതി രൂപംകൊള്ളുന്നത്. അദ്ദേഹം ഈ സമിതിയുടെ കൺവീനർ ആവുകയും ചെയ്തു. പ്രകൃതിസംരക്ഷണത്തെ യും ജൈവ കൃഷിരീതികളുടെ ആശയങ്ങളും സമൂഹത്തിനു മുൻപിൽ അവതരിപ്പിച്ച അദ്ദേഹത്തെ കേരള ഗവൺമെൻറ് 2006ൽ വൃക്ഷ മിത്ര പുരസ്കാരം നൽകി ആദരിച്ചു. കൃഷിയിലെ പ്രശ്നങ്ങളും കൃഷിക്കാരുടെ പ്രശ്നങ്ങളും രണ്ടും രണ്ടാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ജൈവ കൃഷിക്ക് പാരമ്പര്യമായ അറിവ് മാത്രം പോരാ എന്നും ശാസ്ത്രീയ തലത്തിൽ അതു പഠിക്കണമെന്നും അദ്ദേഹം സമൂഹത്തിനോട് ആവർത്തിച്ചു. അങ്ങനെ 2009 ൽ എംജി യൂണിവേഴ്സിറ്റിയിൽ പോവുകയും ഓർഗാനിക് ഫാമിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് എന്ന ആശയം അവതരിപ്പിക്കുകയും ചെയ്തു. 2011 അങ്ങനെ ഓർഗാനിക് ഫാമിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് തുടക്കമായി. ഈ കോഴ്സിന് സിലബസ് തയ്യാറാക്കുന്നതിൽ നിർബന്ധമായും ഒരു കർഷകൻ വേണമെന്ന് ആവശ്യം അദ്ദേഹം ഉന്നയിച്ചു. അങ്ങനെ ഒരു കർഷകൻ ആദ്യമായി സിലബസ് കമ്മിറ്റിയിൽ ഉൾപ്പെട്ടു. ഓർഗാനിക് ഫാമിംഗ് പഠനം പൂർത്തിയാക്കി നിരവധിപേർ ഇന്ന് കൃഷിയിൽ സജീവ സാന്നിധ്യമാണ്. ഇവിടെനിന്ന് പഠനം പൂർത്തിയാക്കിയ ശ്രീ എം ആർ ഉണ്ണി ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഓർഗാനിക് ഫാമിംഗ് ആൻഡ് സസ്റ്റെനബിൾ അഗ്രികൾച്ചർ എന്ന ഒരു സ്ഥാപനം എംജി യൂണിവേഴ്സിറ്റിയിൽ തുടക്കംകുറിച്ചു. ഇതുകൂടാതെ ജൈവകൃഷിയെ ഹൃദയത്തോട് ചേർത്തു പിടിക്കുന്ന സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയിലെ 45 ഓളം പ്രവർത്തകർ എംജി യൂണിവേഴ്സിറ്റിയിൽ ഓർഗാനിക് ഫാമിംഗ് പഠനത്തിനായി എത്തി. ഇവരിൽനിന്ന് തന്റെ പിൻഗാമികളെ കണ്ടെത്താൻ ദയാൽ സാറിന് സാധിച്ചു. ഇന്ന് എംജി യൂണിവേഴ്സിറ്റിയും എസ്പിസിയും ചേർന്ന് ജൈവകൃഷിയിലെ മുന്നേറ്റത്തിന് വേണ്ടി ഗവേഷണം നടത്തുന്നു. കൃഷിയിലെ ഉൽപാദനച്ചെലവ് കുറയ്ക്കുവാനും ജൈവമാലിന്യങ്ങൾ പൂർണ്ണമായും 10 ദിവസത്തിനുള്ളിൽ ചെടിയിൽ എത്തുന്ന കമ്പോസ്റ്റ് സിസ്റ്റത്തിനെ ക്കുറിച്ചും പഠനം നടത്തി വരുന്നു.

ഹെൽത്ത് ആൻഡ് ഇക്കോളജി എന്ന ചികിത്സ സംവിധാനവും ദയാൽ സർ ആരംഭിച്ചിരിക്കുന്നു മികച്ച കർഷകരെ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുവാൻ സരോജിനി -ദാമോദർ ഫൗണ്ടേഷൻ വഴി എല്ലാ വർഷവും മികച്ച കർഷകന് ഒരു ലക്ഷം രൂപയും കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രായഭേദമെന്യേ പല പ്രോത്സാഹന സമ്മാനങ്ങളും ഈ ഫൗണ്ടേഷൻ വഴി അദ്ദേഹം ലഭ്യമാക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാനും അവരുടെ പ്രശ്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ആയി 2009 നവംബർ ഫസ്റ്റ് മുതൽ എൻഎസ്എസ് വളണ്ടിയർമാരുടെ സഹായത്തോടെ കർഷകർക്കുവേണ്ടി ഒരു ഫെസ്റ്റ് ആരംഭിച്ചു. വാനപ്രസ്ഥം എന്ന പേരിൽ ഹോം സ്റ്റേ എന്ന രീതിയിൽ കൃഷിയെ കുറിച്ച് പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ കേരളത്തിൻറെ അഞ്ചു ജില്ലകളിൽ അദ്ദേഹം ഇന്ന് നടത്തുന്നുണ്ട്. കർഷകർക്ക് വേണ്ടി പുതിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ഗവൺമെൻറ് നോട് ആവശ്യപ്പെടുന്നു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില കിട്ടുന്ന മാർക്കറ്റ് നമ്മുടെ നാട്ടിൽ ഉണ്ടാക്കണമെന്നും, അവരുടെ ഉത്പാദനത്തിന് ആനുപാതികമായി കർഷകർക്ക് ബോണസും പെൻഷനും നൽകണമെന്നും അദ്ദേഹം ഗവൺമെൻറ് നോട് ആവശ്യപ്പെടുന്നു. ഇന്ന് അദ്ദേഹം കർഷകർക്ക് ഏറെ ഗുണപ്രദമാണ് ആവുന്ന ഒരു ഗവേഷണത്തിൽ മുഴുകിയിരിക്കുകയാണ് 20 ദിവസത്തോളം പച്ചക്കറികൾ കേടു കൂടാതെ സൂക്ഷിക്കാനുള്ള ഗവേഷണം ആണ് നടത്തുന്നത്. കയർ ഉൽപ്പാദന കയറ്റുമതി പ്രധാന ബിസിനസ് ആയി എടുത്ത അദ്ദേഹം അതെല്ലാം തൻറെ മക്കൾക്ക് കൈമാറി കൃഷിയിൽ സജീവസാന്നിധ്യമായി മാറിയിട്ട് ഇന്ന് ഏറെ വർഷങ്ങൾ ആയിരിക്കുന്നു. ഇത്തരം വ്യക്തിത്വങ്ങളെ കുറിച്ചുള്ള അറിവാണ് നമ്മളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. കൃഷി ഇഷ്ടപ്പെടുന്നവർ ഇത്തരം വ്യക്തിത്വങ്ങളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം.

ദയാൽ സാറിൻറെ ക്ലാസുകൾ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഞങ്ങൾ ഒരു അവസരം ഒരുക്കി തരുന്നു. ഈ വരുന്ന തിങ്കളാഴ്ച മുതൽ കൃഷി ജാഗരൺ കേരളത്തിൻറെ ഫേസ്ബുക്ക് പേജിൽ നാലുമണി മുതൽ അദ്ദേഹം ക്ലാസുകൾ എടുക്കുന്നതാണ്. ഈ ക്ലാസുകൾ വഴി കാർഷികമേഖലയിലും മുന്നേറ്റങ്ങളും ജൈവ കൃഷിയിലെ നൂതന രീതികളും നമുക്ക് പരിചയപ്പെടാം.

English Summary: k v dayal

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds