കോഴിക്കോട്: രാജ്യത്താദ്യമായി പ്രാദേശിക സമുദ്ര ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിക്കുന്ന തദ്ദേശ സ്ഥാപനമാകാൻ കടലുണ്ടി ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി. അചലെന്ധർ റെഡ്ഢി കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് സന്ദർശിച്ചു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കടലുണ്ടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന മറൈൻ ഡിബിആറിന്റെ പ്രാഥമിക ഘട്ടത്തെക്കുറിച്ചും ചർച്ച ചെയ്തു.
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി കടലുണ്ടി കടവ് പാലത്തിന് താഴെയുള്ള മണൽത്തിട്ട നീക്കം ചെയ്യുന്നതിനെക്കുറിച്ച് വിവിധ വകുപ്പുകളോട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം മണൽത്തിട്ട നീക്കം ചെയ്യണമെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ, കെഎസ്ബിബി മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി എസ്. വിമൽ കുമാർ, കെഎസ്ബിബി ഡിസ്ട്രിക്ട് കോർഡിനേറ്റർ ഡോ. മഞ്ജു കെ പി, ബി എം സി ജോയിന്റ് കൺവീനർ ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Share your comments