ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്‌മക യുവത്വം എന്ന മുദ്രാവാക്യവുമായി പോരാടാൻ ഒരുങ്ങുകയാണ് കളമശ്ശേരി മണ്ഡലം. യുവതയ്ക്ക് ഒപ്പം കളമശ്ശേരി എന്ന പദ്ധതിയിലൂടെ യുവജനങ്ങളെ വിവിധ കായിക മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു അതുവഴി ലഹരി - മയക്കുമരുന്ന് പോലെ സമൂഹത്തെ ബാധിക്കുന്ന മാരക വിപത്തുകളെ തടയുക എന്നതാണ് ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്നു: മുഖ്യമന്ത്രി
ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ചിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പം കളമശ്ശേരി മണ്ഡലത്തിൽ എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവിന്റെ നേതൃത്വത്തിലാണ് സമഗ്ര കായിക വികസന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാർഡ് തലത്തിൽ ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ, കബഡി, അത് ലറ്റിക്സ് എന്നീ ഏഴ് ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ലഹരി വിമുക്ത കേരളം; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു
പഞ്ചായത്ത് - നഗരസഭ അടിസ്ഥാനത്തിൽ ആദ്യ ഘട്ട മത്സരങ്ങൾ സംഘടിപ്പിക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച വിജയികൾ അതാത് തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് മത്സരിക്കും. മത്സരത്തിൽ വിജയിക്കുന്നവർക്ക് മിനിസ്റ്റേഴ്സ് ട്രോഫി ലഭിക്കും. തിരഞ്ഞെടുക്കുന്ന കുട്ടികൾ ഏപ്രിലിൽ ആരംഭിക്കുന്ന സ്പോർട്സ് അകാഡമിയിലേക്ക് പ്രവേശനത്തിന് യോഗ്യത നേടും. ഏഴ് കായിക വിഭാഗങ്ങളിലുമായി 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് അഞ്ച് വർഷം പരിശീലനം നൽകി സംസ്ഥാന, ദേശീയ, അന്തർദേശീയ താരങ്ങളെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: വിമുക്തി: ആശ്വാസമേകിയത് ഏഴായിരത്തിലധികം പേര്‍ക്ക്
പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ 23 ന് സംസ്ഥാന മിനി മാരത്തൺ സംഘടിപ്പിക്കും. രാവിലെ ആറിന് ആലുവ യു.സി കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ കളമശ്ശേരി കുസാറ്റ് ഗ്രൗണ്ടിൽ അവസാനിക്കും. 18 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള വർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം 30,000 രൂപയും രണ്ടും, മൂന്നും സമ്മാനങ്ങൾ യഥാക്രമം 20,000, 10,000 എന്നിങ്ങനെയാണ്. രജിസ്ട്രേഷൻ സൗജന്യമാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും മത്സരത്തിൽ പങ്കെടുക്കാം. ഇരു വിഭാഗങ്ങളിൽ നിന്നും പ്രത്യേകം വിജയികളെ തെരഞ്ഞെടുക്കും.
കുസാറ്റ്, കേരള സ്പോർട്സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് എന്നിവ സംയുക്തമായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. വ്യക്തിഗതമായും ടീമുകളായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം. രക്ഷാധികാരിയായി മന്ത്രി പി. രാജീവും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയ ഒളിമ്പ്യൻ മേഴ്സി കുട്ടൻ ചെയർമാനുമായ മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനായി https://yuvathaykkoppam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9388875210, 9447465571,6282173856 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Share your comments