അധികൃതരുടെ അനാസ്ഥ കാരണം ബെലഗാവിയിലെ കമലാപുര്‍ വാഴപ്പഴം ഭൗമസൂചികാപദവിയില്‍ നിന്ന് പുറത്തേക്ക്. കമലാപുരില്‍ കൃഷിചെയ്തുവരുന്ന ഏറെ വിശേഷപ്പെട്ട ചുവന്ന വാഴപ്പഴമാണിത്. 2008-ലാണ് ഇതിന് ഭൗമസൂചികാപദവി ലഭിച്ചത്.2018 സെപ്റ്റംബര്‍ മൂന്നിനായിരുന്നു പദവി പുതുക്കാനുള്ള അവസാന തീയതി. എന്നാല്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് പുതുക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. ചെന്നൈ ആസ്ഥാനമായ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ രജിസ്ട്രിയിലാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത്.
വിദേശങ്ങളിലടക്കം വന്‍തോതില്‍ ആവശ്യക്കാരുള്ള വാഴപ്പഴമാണ് കമലാപുരിലെ ചുവന്ന വാഴപ്പഴം. രുചിയിലും ഗുണത്തിലും മറ്റു വാഴപ്പഴങ്ങളെക്കാള്‍ ഏറെ മുമ്പിലാണിത്. സംസ്ഥാനത്തെ വിപണിയില്‍ 15 രൂപയോളമാണ് ഒരു പഴത്തിന്റെ വില. പുറത്തെത്തുമ്പോള്‍ 20 രൂപയ്ക്ക് മുകളിലാകും.
ആദ്യകാലത്ത് മൂന്നോളം കര്‍ഷകര്‍ മാത്രമാണ് ഈയിനത്തില്‍പ്പെട്ട വാഴ കൃഷിചെയ്തിരുന്നത്. ഭൗമസൂചികാ പദവി ലഭിച്ചതോടെ 35-ഓളം കര്‍ഷകര്‍ പുതുതായിഈയിനം കൃഷിചെയ്തു തുടങ്ങി.സാധാരണ വാഴകൃഷിയെക്കാള്‍ ബുദ്ധിമുട്ടേറിയതാണ് കമലാപുര്‍ ഇനത്തില്‍പ്പെട്ട വാഴകളുടെ കൃഷിരീതി. വാഴത്തടിയും തണ്ടുകളും ദുര്‍ബലമായതിനാല്‍ ചെറിയ കാറ്റില്‍പ്പോലും ഇത്തരം വാഴകള്‍ നിലംപറ്റും.
വാഴക്കുലകള്‍ മൂത്തു പാകമാകാന്‍ സാധാരണയിലും നാലുമാസം വരെ സമയം കൂടുതലെടുക്കും. ഇതോടെ പലപ്പോഴും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇവ കൃഷിചെയ്യാന്‍കഴിയുക. നഷ്ടസാധ്യത കൂടുതലായതിനാല്‍ കര്‍ഷകരും കമലാപുര്‍ ഇനം കൃഷിചെയ്യുന്നതില്‍നിന്ന് പിന്തിരിയുകയാണ് പതിവ്. ഭൗമസൂചികാ പദവി ലഭിച്ചതോടെ വിപണിപിടിക്കാന്‍ ഈയിനം വാഴപ്പഴങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മറ്റുപ്രദേശങ്ങളില്‍നിന്നുള്ള കര്‍ഷകര്‍പോലും കമലാപുര്‍ വാഴപ്പഴങ്ങള്‍ കൃഷിചെയ്യാന്‍ തയ്യാറാകുകയും ചെയ്തു.
Share your comments