കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂഫെ’ കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് തനതായ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിൽ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് സ്‌കൂഫെയെന്ന് എം എൽ എ പറഞ്ഞു. കുട്ടികൾക്ക് വിശ്വസിച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന ഒരിടമാണ് ഇതെന്നും വളരെ വൃത്തിയോടെ ഈ സംരംഭം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കണമെന്നും എൽ എൽ എ കൂട്ടിച്ചേർത്തു.
കുടുംബശ്രീയുടെ സംരംഭമായാണ് ജില്ലയിലെ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംരംഭമായാണ് എടയന്നൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ സ്‌കൂഫെ ആരംഭിച്ചത്. വിദ്യാലയങ്ങളിൽ ലഘുഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും ലഭ്യമാക്കി കുട്ടികൾ പുറത്തുളള വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ഇല്ലാതാക്കാനും ലഹരി മാഫിയകളിൽ നിന്ന് അകറ്റി നിർത്താനുമായാണ് ജില്ലാ പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചത്.
2022-23 സാമ്പത്തിക വർഷത്തിൽ ഒന്നാം ഘട്ടമായി 25 സ്‌കൂളുകൾക്ക് 36.5 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർമ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. 2023-24 വർഷം പുതുതായി 40 ലക്ഷം രൂപ കൂടി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഇത് വിനിയോഗിച്ച് 30 സ്‌കൂളുകളിൽ കൂടി പദ്ധതി നടപ്പാക്കും. ഒരു സ്‌കൂഫെയിൽ ചുരുങ്ങിയത് രണ്ട് വീതം കുടുംബശ്രീ അംഗങ്ങളാണ് ഉൾപ്പെടുന്നത്. സ്‌കൂഫെകൾ പൂർത്തിയാവുന്നതോടെ 125 ലധികം സ്ത്രീകൾക്ക് ഉപജീവന മാർഗ്ഗം ലഭിക്കും. 2022-23 സാമ്പത്തിക വർഷം അനുവദിച്ച 25 സ്‌കൂഫെകളും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ മുഖ്യതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം സുർജിത് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി, വൈസ് പ്രസിഡണ്ട് കെ അനിൽകുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷിജു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ വി ഷീജ, കെ മനോഹരൻ മാസ്റ്റർ, പി കെ ജിഷ, വാർഡ് അംഗം കെ സബീർ, സെക്രട്ടറി കെ സന്തോഷ്‌കുമാർ, ഹയർസെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ വി വിജി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ അരുൺരാജ്, സീനിയർ അസിസ്റ്റന്റ് കെ ബിന്ദു, ഹെഡ് മാസ്റ്റർ എ മനോജ്, പി ടി എ പ്രസിഡണ്ട് കെ പ്രശാന്ത്, സ്‌കൂൾ വികസന സമിതി ചെയർമാൻ എ സി നാരായണൻ മാസ്റ്റർ, കീഴല്ലൂർ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്‌സൺ കെ റോജ തുടങ്ങിയവർ പങ്കെടുത്തു.
Share your comments