കോട്ടയം: കാപ്‌കോസ് ആധുനിക റൈസ് മില്ലിന്റെ നിർമാണം തുടങ്ങി. സഹകരണമേഖലയിൽ ആരംഭിക്കുന്ന റൈസ് മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂരിൽവച്ച് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾ: PM Kisan; പതിനാറാം ഗഡു ഈ മാസം കിട്ടും! തീയതി അറിയാം..
80 കോടി രൂപ ചിലവിലാണ് കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്) മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ നെൽകർഷകരുടെ സംരക്ഷണത്തിനായി സഹകരണമേഖലയുടെ ഇടപെടൽ ശക്തമാക്കുകയാണ് ലക്ഷ്യം.
ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം പത്തേക്കർ ഭൂമിയിലാണ് ഗോഡൗണും ആധുനികമില്ലും നിർമിയ്ക്കുന്നത്. ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകൾ സന്ദർശിച്ച് പഠനം നടത്തിയശേഷമാണ് വിദഗ്ധസംഘം മില്ലിന്റെ രൂപരേഖ തയാറാക്കിയത്. നെല്ല് സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ്, ഈർപ്പം ക്രമീകരിക്കാനുള്ള സാങ്കേതിക വിദ്യ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
മില്ല് പൂർത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിന്റെ മേഖലയിൽ 4 ശതമാനം കൂടി സർക്കാർ-സഹകരണമേഖലയുടെ കൈയിലെത്തും. പദ്ധതിയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിർമാണചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി ഉൽപാദനം ആരംഭിക്കുകയാണ് ലക്ഷ്യം.
നെല്ലുസംഭരണത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കിയാണ് സഹകരണമേഖലയിൽ റൈസ് മിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്. കാപ്‌കോസിന്റെ ആധുനിക റൈസ് മില്ലിന്റെ നിർമാണം ഈ സർക്കാരിന്റെ കാലത്ത് തന്നെ സമയബന്ധിതമായി പൂർത്തീകരിച്ച് അരി ജനങ്ങൾക്ക് എത്തിക്കും. കൃഷിക്കാർക്ക് എറെ സഹായകമാകും. നൂതനമായ ജർമ്മൻ സാങ്കേതിക വിദ്യയാണ് മില്ലിനായി പ്രയോജനപ്പെടുത്തുന്നത്.
80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സഹകരണ കൺസോർഷ്യം, നബാർഡ്, കേരള ബാങ്ക് എന്നിവ വഴി ഇതിനാവശ്യമായ തുക കണ്ടെത്തും. 50,000 മെട്രിക് ടൺ നെല്ല് സംസ്‌ക്കരിക്കാൻ മില്ലിന് ശേഷിയുണ്ടാകും.'മുറ്റത്തെമുല്ല' പദ്ധതിയിലൂടെ കുടുംബശ്രീ സംഘങ്ങൾക്ക് നൽകുന്ന വായ്പ 25 ലക്ഷം രൂപയായി ഉയർത്തിയതായും നേരത്തേ ഇത് 10 ലക്ഷമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യാതിഥിയായി. സംസ്ഥാന സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, നബാർഡ് ചീഫ് ജനറൽ മാനേജർ ജി. ഗോപകുമാരൻനായർ, ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, കാപ്കോസ് ഡയറക്ടർ കെ. ജയകൃഷ്ണൻ, സെക്രട്ടറി കെ.ജെ. അനിൽകുമാർ, കോട്ടയം ഡി.സി.എച്ച് വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ, വ്യാപാരിവ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജോൺസൺ പുളിക്കീൽ, സതീഷ് ചന്ദ്രൻ, ജയമ്മ പോൾ എന്നിവർ പങ്കെടുത്തു.
Share your comments