
മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കർഷകരുടെ ക്ഷേമകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസംഗമം 2020 ഉദ്ഘാടനവും, സംസ്ഥാനതല കർഷക അവാർഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃഗസംരക്ഷണവകുപ്പിൽ പ്രകടമായ വികസന മുന്നേറ്റങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.03 ശതമാനം സംഭാവന ചെയ്യുന്ന മേഖലയാണിത്. മൃഗസംരക്ഷണം ജീവനോപാധിയാക്കിയിരിക്കുന്നത് സാധാരണക്കാരും വനിതകളുമായതിനാൽ ഈ മേഖലയിലെ ഓരോ പദ്ധതിയും അടിസ്ഥാന മേഖലയുടെ സാമൂഹ്യ ഉന്നമനത്തിനാണ് ലക്ഷ്യമിടുന്നത്.


വകുപ്പിന്റെ ആധുനികവത്കരണത്തിനും സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടു. കുടപ്പനക്കുന്നിൽ ആധുനിക മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, പിറവന്തൂർ ഹൈടെക് ഡയറി ഫാം, സുൽത്താൻബത്തേരിയിലെയും വാഗമണിലെയും ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെൻറ് ട്രെയിനിംഗ് സെൻററുകൾ, തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ വകുപ്പിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി.
പാലുത്പാദനകാര്യത്തിൽ സ്വയംപര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് 2018ൽ മഹാപ്രളയമുണ്ടായത്. കന്നുകാലികൾ, കോഴികൾ, പുൽകൃഷി, വൈക്കോൽ തുടങ്ങി വൻ നഷ്ടമാണ് മേഖലയിലുണ്ടായത്. ആകെ ഈരംഗത്ത് സംഭവിച്ച നഷ്ടം 172 കോടിയുടേതായിരുന്നു. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലും കർഷകരുടെ അകമഴിഞ്ഞ പിന്തുണയും മഹാദുരന്തത്തിൽ നിന്ന് നമ്മെ കരകയറാൻ സഹായിച്ചു. പ്രളയത്തിൽ നഷ്ടങ്ങളുണ്ടായ കർഷകരെ സഹായിക്കാൻ ഉരുക്കൾ നഷ്ടപ്പെട്ടവർക്ക് 22 കോടി രൂപയുടെ നഷ്ടപരിഹാരമാണ് നൽകിയത്.


വെള്ളപ്പൊക്കം തീവ്രമായ ജില്ലകളിൽ കർഷകർക്ക് പശുക്കുട്ടികളെയും തീറ്റയും സബ്‌സിഡി നിരക്കിൽ നൽകുന്ന പദ്ധതി നടപ്പാക്കിവരുന്നുണ്ട്. കർഷകർ എടുക്കുന്ന ലോണുകൾക്ക് വൻ പലിശ ബാധ്യത ഒഴിവാക്കാൻ 5000 രൂപ വരെ സബ്‌സിഡി നൽകുന്ന പദ്ധതി നടപ്പാക്കി. റീബിൾഡ് കേരള പദ്ധതി വഴി മൃഗസംരക്ഷണ വകുപ്പിൽ പ്രധാനപ്പെട്ട രണ്ട് പദ്ധതികളുണ്ട്.


രണ്ടുകോടി 20 ലക്ഷം രൂപ ചെലവിൽ കർഷകരുടെ വീട്ടുപടിക്കൽ ആധുനിക ചികിത്‌സാ സംവിധാനങ്ങൾ എത്തിക്കാൻ ടെലിമെഡിസിൻ സംവിധാനങ്ങളോടെ സഞ്ചരിക്കുന്ന മൃഗചികിത്‌സാ യൂണിറ്റുകളും 20.5 കോടി ചെലവിൽ ജിയോഗ്രാഫിക് ഇൻഫർമേഷൻ സംയോജിപ്പിച്ച് ഉരുക്കളുടെ കാതുകളിൽ മൈക്രോചിപ്പ് ഘടിപ്പിച്ച് കന്നുകാലികളെ തിരിച്ചറിയാൻ യുണീക് ഐ.ഡി നമ്പർ നൽകുന്ന പദ്ധതിക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. രണ്ടുപദ്ധതിയും ഈ വർഷം തന്നെ പൂർത്തികരിക്കുകയാണ് ലക്ഷ്യം.

പക്ഷിമൃഗ സമ്പത്തിന്റെ സംരക്ഷണത്തിനായി രാത്രികാല അടിയന്തിര വെറ്ററിനറി ചികിത്‌സാ സേവന പദ്ധതി വ്യാപിപ്പിക്കും. 105 ബ്ലോക്കുകളിൽ നടപ്പാക്കുന്ന പദ്ധതി എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മൃഗസംരക്ഷണമേഖലയിലെ മികച്ച കർഷകർക്കുള്ള സംസ്ഥാന അവാർഡ് വിതരണവും ഉദ്യോഗസ്ഥർക്കുള്ള അവാർഡ് വിതരണവും, മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായ വിതരണവും ആട് വളർത്തൽ കർഷക സഹകരണ സംഘം രൂപീകരണവും ചടങ്ങിൽ നടന്നു. ചടങ്ങിൽ വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു.



Share your comments