പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ ശുപാര്‍ശകളിൽ മാറ്റം വരുത്തിയുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി.ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഇടപെടലിനെ തുടര്‍ന്നാണ് പുനര്‍ വിജ്ഞാപനത്തിന് അനുമതി നല്‍കിയത് കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ കരട് വിജ്ഞാപനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. കസ്തൂരിരങ്കൻ റിപ്പോർട്ടിലെ ശുപാര്‍ശകൾ അതേപടി നടപ്പാക്കാനാകില്ലെന്ന് പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും.
കസ്തൂരി രംഗൻ ശുപാര്‍ശകൾ അതേ പടി നടപ്പാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ്. അതല്ലെങ്കിൽ ഏറ്റവും ഒടുവിൽ 2017ൽ ഇറക്കിയ കരട് വിജ്ഞാപനത്തിലെങ്കിലും പരിസ്ഥിതി മന്ത്രാലയം ഉറച്ചുനിൽക്കണമെന്ന് ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ച ഭേദഗതികളോടെയുള്ള കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയത്.
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരി രങ്കൻ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.തീരുമാനം നടപ്പിലായാല്‍ പരിസ്ഥിതി ലോല പ്രദേശ പരിധിയിലെ വില്ലേജുകള്‍ 94 ആയി ചുരുങ്ങിയേക്കാം.ഇതിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് പരിസ്ഥിതിലോല പ്രദേശത്തുള്‍പ്പെടുന്ന 4452 ചതുരശ്ര കിലോമീറ്റര്‍ ജനവാസ പ്രദേശം ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രാലയ വിദഗ്ദ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്.എന്നാൽ ഹരിത ട്രൈബ്യൂണലിന്‍റെ അനുമതിയോടെയേ പരിസ്ഥിതി മന്ത്രാലയത്തിന് മാറ്റം വരുത്തിയ കരട് വിജ്ഞാപനം ഇറക്കാനാകൂ. ഇതിനായി നിയമമന്ത്രാലയത്തിന്‍റെ ഉപദേശവും പരിസ്ഥിതി മന്ത്രാലയം തേടി.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങൾ പുതിയ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് 2017 ഫെബ്രുവരി 22ലെ കരട് വിജ്ഞാപനം അതേപടി തുടരാൻ പരിസ്ഥിതി മന്ത്രാലയത്തിന് ആകില്ല. ഇക്കാര്യം കാണിച്ച് ഹരിത ട്രൈബ്യൂണലിൽ പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം നൽകും. അതിന് ശേഷമെ കരട് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറക്കു.ഇതേസമയം കേരളത്തില്‍ പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ ഖനനത്തിനും മറ്റും പരിസ്ഥിത അനുമതി തേടിയുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നും മന്ത്രാലയ വിദഗ്ദ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Share your comments