തൃശ്ശൂർ: കയ്പമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ അഴീക്കോട് മുനമ്പം പാലം ഉൾപ്പടെയുള്ള വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നത യോഗം ചേർന്നു.
മണ്ഡലത്തിലെ കിഫ്ബി പദ്ധതികളായ കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂൾ, അഴീക്കോട് മുനമ്പം പാലം, എടവിലങ്ങ് ഗവൺമെന്റ് സ്കൂൾ, ഗവൺമെന്റ് മാപ്പിള സ്കൂൾ ചാമക്കാല, ഗവൺമെന്റ് ഫിഷറീസ് സ്കൂൾ കയ്പമംഗലം, തീരദേശ ഹൈവേ, ഗോതുരുത്ത് പുല്ലൂറ്റ് പാലം, എടത്തിരുത്തി പറയംകടവ് പാലം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട അവലോകനയോഗമാണ് തിരുവനന്തപുരം കിഫ്ബി ഹെഡ് ഓഫീസിൽ എം എൽ എ വിളിച്ചു ചേർത്തത്.
കയ്പമഗലം മണ്ഡലത്തിന്റെ ചിരകാല സ്വപ്നമായ അഴീക്കോട് മുനമ്പം പാലത്തിന്റെയും മണ്ഡലത്തിലെ തന്നെ മറ്റു കിഫ്ബി പ്രൊജക്ടുകളുടെയും പുരോഗതി വിലയിരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്നും ഒരോ പദ്ധതികൾ നേരിടേണ്ടി വരുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പദ്ധതികൾ സമയബന്ധിതമായി തീർക്കുവാൻ ബന്ധപ്പെട്ട വകുപ്പുകളുടെയും ഉദ്യോഗസ്ഥ സുഹൃത്തുകളുടേയും ആത്മാർത്ഥമായ പരിശ്രമം ഉണ്ടാവണമെന്നും എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാർത്ത: ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി
യോഗത്തിൽ കിഫ്ബി അസിസ്റ്റന്റ് സി ഇ ഒ സത്യചിത്രരാജൻ, സീനിയർ ജനറൽ മാനേജർ പി എ ഷൈല , കിഫ്ബി പ്രൊജക്റ്റ് മാനേജർ ടി രാജീവൻ , അഭിലാഷ് വിജയൻ, എം കെ അജയപ്രസാദ് , കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു, കെ ആർ എഫ് ബി ജനറൽ മാനേജർ കെ വി സുകുമാരൻ , കിഫ്ബി അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ ചന്ദ്രൻ ചന്ദ്രേഷ്, പി ശ്രീരാജ് കൂടാതെ കിഫ്ബി, കൈറ്റ്, കില, കേരള കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments