
1. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) നടപ്പാക്കുന്ന മുട്ടക്കോഴി ഇന്റഗ്രേഷന്‍ പദ്ധതി പ്രകാരം ഫാം നടത്താന്‍ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ /കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവ നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ കോഴികളെ തിരിച്ചെടുക്കുന്ന പദ്ധതിയാണ് മുട്ടക്കോഴി ഇന്റഗ്രേഷന്‍ പദ്ധതി. അപേക്ഷകള്‍ മാനേജിംഗ് ഡയറകടര്‍, കേരള സംസ്ഥാനപൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745870454 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനും അതിന് അനുസൃതമായ കൃഷിരീതി അവലംബിച്ചു കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കൃഷിവകുപ്പ് സമർപ്പിച്ച കേര പദ്ധതിയുടെ ആദ്യ ഗഡുവായ 139.65 കോടി രൂപ ലഭിച്ചു. പദ്ധതിയുടെ ആകെ അനുമതി തുകയായ 2365.5 കോടി രൂപയിൽ ഈ സാമ്പത്തിക വർഷത്തേക്കുള്ള സഹായധനമാണ് അനുവദിച്ചിരിക്കുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. അടുത്ത 5 വർഷം കൊണ്ട് ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാവസ്ഥാവ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കാനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പകൽ താപനില ഉയർന്നു തന്നെ തുടരും. വിവിധ ജില്ലകളിൽ സാധാരണയെക്കാൾ 2 - 4°C വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ താപനിലാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ 38°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും താപനില ഉയരുമെന്ന് റിപ്പോർട്ടുകൾ.
Share your comments