ആനുകൂല്യ വിതരണമായി മാത്രം കേരഗ്രാമം പദ്ധതി ഒതുങ്ങരുതെന്ന് കർഷകക്ഷേമ കാർഷികവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പോത്താനിക്കാട് ഫാര്‍മേഴ്‌സ് കോ- ഓപ്പറേറ്റീവ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരഗ്രാമവുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ ഉണ്ടാകണം. വരും നാളുകളിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾക്ക് സ്വന്തം വെളിച്ചെണ്ണ ബ്രാൻഡ് നിർമ്മിച്ച് നാട്ടിൽ വിൽപന നടത്താൻ കഴിയണം. കൂടാതെ വെർജിൻ കോക്കനട്ട് ഓയിൽ പോലുള്ള മറ്റ് ഉത്പന്നങ്ങളിലേക്കും കടക്കണം. വില കൊടുത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന ഉത്പന്നങ്ങൾ വാങ്ങുന്നതിന് പകരം സ്വന്തമായി നിർമിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്ന രീതിയിലേക്ക് നാം മാറണമെന്നും മന്ത്രി പറഞ്ഞു.
മലയാളികളുടെ ജീവിതത്തോട് തെങ്ങിനോളം ചേർന്ന് നിൽക്കുന്ന മറ്റൊരു വൃക്ഷമില്ല. പണ്ട് കേര ഉത്പന്നങ്ങൾ കൊണ്ട് മലയാളികളുടെ വീട് നിറഞ്ഞിരുന്നു. എന്നാൽ ഇന്നത് തേങ്ങയും വെളിച്ചെണ്ണയും മാത്രമായി അടുക്കളയിലേക്ക് ചുരുങ്ങി. കേര കൃഷിയിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാരും കൃഷിവകുപ്പും കേരഗ്രാമം പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കവളങ്ങാട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കമായി.
പോത്താനിക്കാട് , പൈങ്ങോട്ടൂർ പഞ്ചായത്തുകൾക്ക് 76.5 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ചടങ്ങിൽ മന്ത്രി കൈമാറിയത്. രണ്ട് പഞ്ചായത്തുകളിലായി 250 ഹെക്ടർ സ്ഥലത്ത് കേരഗ്രാമം പദ്ധതി നടപ്പാക്കും. തെങ്ങിനുണ്ടാകുന്ന രോഗ കീടങ്ങളെ നിയന്ത്രിച്ച് ആവശ്യമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയോടെ നടത്തി ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. നിലവിലുള്ള തെങ്ങുകളെ പരിപാലിക്കാനും പുതിയ തെങ്ങുകള്‍ വച്ചുപിടിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. ആന്റണി ജോണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കർഷകരെ ആദരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസഫ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ. എം ബബിത, മറ്റ് ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (കോതമംഗലം) വി.പി സിന്ധു നന്ദി അർപ്പിച്ചു. പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാറും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
Share your comments