News

കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി

ശുദ്ധമായ മാംസം ന്യായവിലയ്ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കർഷകനും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം കോഴി ഇനിമുതൽ 87 രൂപക്ക് ഉപഭോക്താൾക്ക് ലഭിക്കും. കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വില്‍പ്പന നടത്തുക. കടകളുടെ ബ്രാന്‍ഡിംഗ്, ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ നിലവില്‍ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും.കമ്പോള വില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.കർഷകർക്ക് കുറഞ്ഞത് 11 രൂപ വളർത്തുകൂലി നൽകും. സ്വന്തമായി ഇറച്ചിക്കോഴി വളര്‍ത്തി വിപണനം ചെയ്യുന്നത് വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനാകും. ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്‍ക്ക് അര്‍ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം റിസ്‌ക് ഫണ്ട് ആയി മാറ്റിവെക്കും.ഇറച്ചിക്കോഴി വളർത്താൻ കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ലഭ്യത മുതല്‍ കോഴി മാലിന്യ സംസ്‌കരണം വരെയുള്ള മുന്‍പിന്‍ ബന്ധങ്ങളും സാങ്കേതിക വിദഗ്ധരുടെ പിന്തുണയും ഉറപ്പാക്കിയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്.


Share your comments