<
  1. News

മത്സ്യബന്ധന മേഖലയിൽ സമഗ്ര പദ്ധതികൾ: പുനർഗേഹവും സമുദ്ര പദ്ധതിയും വിശദീകരിച്ച് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട് 10 മുതൽ 15 വർഷം കഴിഞ്ഞിട്ടും കുടുംബത്തിനു നഷ്ടപരിഹാരം ലഭിക്കാത്ത തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തും കോഴിക്കോടും ഇൻഷ്വറൻസ് കമ്പനികളെ പങ്കെടുപ്പിച്ച് പ്രത്യേക അദാലത്തുകൾ നടത്തി.

Anju M U
fisherman
തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

തീരദേശ ജനതയുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ മേഖലയുടെ സാമൂഹ്യപുരോഗതിയിൽ പ്രത്യേക ശ്രദ്ധയൂന്നിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ സ്‌കൂളുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച 20 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുനർഗേഹം പദ്ധതി ജനകീയമാക്കി

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പാർപ്പിട പ്രശ്നം പരിഹരിക്കാൻ ആരംഭിച്ച പുനർഗേഹം പദ്ധതി ആകർഷകമാക്കുന്നതിനായി രജിസ്ട്രേഷൻ തുക ഒഴിവാക്കി. ഇതിലൂടെ 60,000 രൂപ ഓരോ ഗുണഭോക്താവിനും അധികമായി ലഭിക്കും.

ഭൂമി പരിത്യജിക്കൽ വ്യവസ്ഥ ഒഴിവാക്കി പദ്ധതിയെ ജനകീയമാക്കി. 276 ഭവന സമുച്ചയങ്ങൾ പദ്ധതി മുഖേന പൂർത്തീകരിച്ചു ഗണഭോക്താക്കൾക്കു കൈമാറി. മാറി താമസിക്കാൻ സന്നദ്ധതയറിയിച്ച 8,186 പേരിൽ 3,187 പേർക്കു ഭൂമി കണ്ടെത്തുകയും 1,265 വ്യക്തിഗത ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട് 10 മുതൽ 15 വർഷം കഴിഞ്ഞിട്ടും കുടുംബത്തിനു നഷ്ടപരിഹാരം ലഭിക്കാത്ത തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തും കോഴിക്കോടും ഇൻഷ്വറൻസ് കമ്പനികളെ പങ്കെടുപ്പിച്ച് പ്രത്യേക അദാലത്തുകൾ നടത്തി. 201 അപേക്ഷകൾ പരിഗണിച്ചതിൽ 129 എണ്ണം തീർപ്പാക്കി.

12.44 കോടി രൂപ ഇതുവഴി ലഭ്യമാക്കി. ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോഡ് ജില്ലകളിൽ പുതിയ ഫിഷറീസ് സ്റ്റേഷനുകൾ തുറന്നു. മത്സ്യവിൽപ്പനയിൽ ഏർപ്പെടുന്ന വനിതാ അനുബന്ധ തൊഴിലാളികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന് കെ.എസ്.ആർ.ടി.സിയുമായി ചേർന്നു സമുദ്ര പദ്ധതി നടപ്പാക്കി.

ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു ബസ് സർവീസുകൾ ആരംഭിച്ചു. മത്സ്യ സംഭരണവും ലേലവും വിപണനവും നിയന്ത്രിക്കുന്നതിനും വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും നിയമം പാസാക്കി. 483 മത്സ്യബന്ധന യാനങ്ങൾക്ക് ഇൻസുലേറ്റഡ് ബോക്സ് അനുവദിച്ചു. 

കടൽരക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ വിഴിഞ്ഞം, നീണ്ടകര, വൈപ്പിൻ, ബേപ്പൂർ, കണ്ണൂർ, ആലപ്പുഴ, തൃശൂർ, പൊന്നാനി, കാസർകോഡ്, മുതലപ്പൊഴി എന്നിവിടങ്ങളിൽ കടൽ സുരക്ഷാ സ്‌ക്വാഡ് രൂപീകരിച്ചു. മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി 2021-22 വർഷം 150 സൂക്ഷ്മ തൊഴിൽ സംരംഭങ്ങളും 400 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളും ആരംഭിച്ചു.

ബന്ധപ്പെട്ട വാർത്തകൾ:  വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം

ഓൺലൈൻ മാർക്കറ്റിങ് മുതൽ ചെറുകിട സംരംഭങ്ങൾ വരെയുള്ള വിവിധ പദ്ധതികൾ ഏറ്റെടുത്ത് സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷറീസ് വിമെൻ(സാഫ്) വനിതാ മുന്നേറ്റത്തിന്റെ മാതൃകയായി.
എവിടെയെല്ലാം ജലാശയം, അവിടെയെല്ലാം മത്സ്യകൃഷിയെന്ന ജനകീയ ക്യാംപെയിന് 2010 ജൂലൈയിൽ തുടക്കംകുറിച്ചു. 2025 ഓടെ മത്സ്യകൃഷിയിലൂടെയുള്ള മത്സ്യോത്പാദനം ഇരട്ടിയാക്കുക, മത്സ്യവിത്തുത്പാദനത്തിൽ സ്വയംപര്യാപ്ത നേടുക തുടങ്ങിയവയാണ് ഇതിന്റെ മുഖ്യ ലക്ഷ്യങ്ങൾ.

റിസർവോയർ മത്സ്യകൃഷിയുടെ ഭാഗമായി ഇടുക്കി, ചോലയാർ, ഭൂതത്താൻകെട്ട് റിസർവോയറുകളിൽ 17 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യകൃഷിയിലൂടെ ഉത്പാദിപ്പിച്ച മത്സ്യ വിപണനത്തിന് മുഖ്യ പരിഗണന നൽകി 25 ലൈഫ് ഫിഷ് മാർക്കറ്റിങ് ഔട്ട്ലെറ്റുകൾ നടപ്പാക്കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ സ്‌കൂളുകളുടെ നവീകരണ പദ്ധതിയെന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിൻറെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നൽകി. അതിൽ ഉൾപ്പെട്ട 20 സ്‌കൂളുകളിലെ കെട്ടിടങ്ങളാണ് ഇന്നലെ(30 മേയ്) ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ജി.എൽ.പി.എസ്, കൊല്ലം ജില്ലയിലെ പഴങ്ങാലം ജി.എൽ.പി.എസ്, ചെറിയഴീക്കൽ ജി.വി.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ ചിറിയ്ക്കകം ജി.യു.പി.എസ്, തൃശൂർ ജില്ലയിലെ മന്തലംകുന്ന് ജി.എഫ്.യു.പി.എസ്, വാടാനപള്ളി ജി.എഫ്.യു.പി.എസ്, മലപ്പുറം ജില്ലയിലെ പുറത്തൂർ ജി.യു.പി.എസ്, വള്ളിക്കുന്ന് ജി.എൽ.പി.എസ്, അരിയല്ലൂർ ജി.യു.പി.എസ്, താനൂർ നോർത്ത് ജി.എം.എൽ.പി.എസ്, പരപ്പനങ്ങാടി ചെറ്റിപടി ജി.എൽ.പി.എസ്, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സൗത്ത് ജി.എൽ.പി.എസ്, പയ്യോളി മേലാടി ജി.എൽ.പി.എസ്, കൊയിലാണ്ടി ജി.എഫ്.യു.പി.എസ്, കണ്ണൂർ ജില്ലയിലെ ഗവ. സിറ്റി എച്ച്.എസ്.എസ്, നീർച്ചാൽ ജി.യു.പി.എസ്, മാടായി ജി.ജി.എച്ച്.എസ്.എസ്, മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ്, ഏറ്റിക്കുളം മാസ് ജി.എച്ച്.എസ്.എസ്, കവ്വായി ഗവ എം.യു.പി.എസ് എന്നീ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

ബന്ധപ്പെട്ട വാർത്തകൾ:  കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്
ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ എന്നിവർ മുഖ്യാഥിതികളായിരുന്നു.

English Summary: Kerala CM Pinarayi Vijayan Explained Several Schemes Applied In Fisheries Sector

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds