1. കേരളത്തിലെ റബ്ബർ കർഷകർക്ക് 42.57 കോടി രൂപ സബ്സിഡി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. 1,45,564 കർഷകർക്ക് ആനുകൂല്യം ലഭിക്കും. ഇതിനുമുമ്പ് വിതരണം ചെയ്ത 82.31 കോടി രൂപ ഉൾപ്പെടെ ഈ സാമ്പത്തിക വർഷം 124.88 കോടി രൂപയാണ് സർക്കാർ സബ്‌സിഡിയായി കർഷകർക്ക് അനുവദിച്ചത്. സ്വാഭാവിക റബ്ബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബ്ബർ ഉൽപാദക ഇൻസെന്റീവ് പദ്ധതി നടപ്പിലാക്കിയത്. വിപണി വിലയിൽ കുറവുവരുന്ന തുകയാണ് സർക്കാർ സബ്‌സിഡിയായി അനുവദിക്കുക. റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സബ്‌സിഡി നൽകുന്നത്. ഈ വർഷം ബജറ്റിൽ 600 കോടി രൂപയാണ് റബ്ബർ സ്ഥിരത ഫണ്ടിലേക്ക് സർക്കാർ നീക്കി വച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2. എറണാകുളം ജില്ലയിലെ സമുദ്ര മത്സ്യമേഖലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളുടെ തടി കൊണ്ടുള്ള ഹള്‍-സ്റ്റീല്‍ ഹള്‍ ആക്കി മാറ്റുന്ന പദ്ധതി, യന്ത്രവല്‍കൃത മത്സ്യബന്ധനയാനങ്ങളില്‍ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്ന പദ്ധതി, കാലാവധി കഴിഞ്ഞ വള്ളങ്ങള്‍ക്ക് പകരം പുതിയ ഫൈബര്‍ വള്ളം നല്‍കുന്ന പദ്ധതി തുടങ്ങിയവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈമാസം 25നുമുമ്പ് അപേക്ഷകൾ സമർപ്പിക്കണം. ഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, അഴീക്കല്‍ പി.ഒ., എറണാകുളം - 682 508 06 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0484 2502768.
കൂടുതൽ വാർത്തകൾ: 1,60,000 രൂപ വരെ ഈടില്ലാതെ വായ്പ; പലിശ തുകയിൽ സബ്സിഡി, കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം
3. വെള്ളം കയറി പൂർണമായും മുങ്ങിയ അൻപതേക്കറോളം വരുന്ന പിരപ്പമൺകാട് പാടശേഖരത്തിന് പുതുപിറവി. കഴിഞ്ഞ ദിവസത്തെ മഴയിൽ കയറിയ വെള്ളം താഴുകയും നെൽക്കതിരുകൾ കരുത്തോടെ നിവരുകയും ചെയ്തതോടെ കൊയത്തുത്സവം സംഘടിപ്പിച്ചു. കൃഷിമന്ത്രി പി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥലത്തെ മുതിർന്ന കർഷകനായ സത്യശീലൻ, പാടശേഖര സമിതി സെക്രട്ടറി അൽഫാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
4. തിരുവനന്തപുരം ജില്ലയിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കും സംഘടനകൾക്കും ജന്തുക്ഷേമ പ്രവർത്തന പുരസ്കാരത്തിനായി അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരങ്ങളും സഹിതം ഈ മാസം 30നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ 5 വർഷത്തിൽ അവാർഡ് ലഭിച്ചവരെ അവാർഡിനായി പരിഗണിക്കില്ല. തെരെഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡ് നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാർശ സഹിതം സമർപ്പിക്കണം. അപേക്ഷാഫോം മൃഗാശുപത്രികളിൽ നിന്നും ലഭിക്കുന്നതാണ്.
Share your comments