കേരളത്തിൽ സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ ഇതു പ്രതിഫലിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്കു സംസ്ഥാന സർക്കാർ നൽകിയ പൗരസ്വീകരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.
രാജ്യത്തിന്റെ സമഗ്രവികസനത്തിനും ലോകത്ത് അതിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണ നിരക്ക് തടയുന്നതിലും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കേരളം കാഴ്ചവയ്ക്കുന്നത്. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇത് നിരവധി മാനവ വികസന സൂചികകളിലെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നു.
ഹരിതാഭമായ വനങ്ങൾ, മനോഹര കടലോരങ്ങൾ, കായലുകൾ, ആകർഷകമായ കുന്നുകൾ, ചന്തമുള്ള തടാകങ്ങൾ, ഒഴുകുന്ന നദികൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നു. കേരളം ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതിനു കാരണവും ഇതാണ്. പ്രകൃതി ചികിത്സയുടേയും ആയുർവേദത്തിന്റെയും കേന്ദ്രമാണിവിടം. പ്രതിഭാശാലികളും കഠിനാധ്വാനികളുമായ കേരളിയരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്നവരാണു കേരളത്തിലെ ജനങ്ങൾ. കേരളത്തിലെ ജനങ്ങളുടെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാട് അനുകരണീയമാണ്. മനോഹരമായ ഭാഷയാലും സംസ്‌കാരത്താലും കോർത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും സൗഹാർദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണു കേരളമെന്നും രാഷ്ട്രപതി പറഞ്ഞു.
ആദിശങ്കരാചാര്യരുടെ നാടായ കേരളം ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വി. ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹ്യപരിഷ്‌കർത്താക്കളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ. കെ. നായനാർ, കെ. ആർ. ഗൗരി അമ്മ തുടങ്ങിയവർ കേരളത്തിന്റെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു. ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ, ഒ.എൻ.വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി തുടങ്ങിയ മഹാരഥർ ആധുനിക ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനും നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളം. മെട്രോമാൻ ഇ. ശ്രീധരൻ, 'മിസൈൽ വനിത' ടെസി തോമസ്, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ എന്നിവർ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്.
ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ശുപാർശ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സാങ്കേതിക, എൻജിനിയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ ബാച്ച് പ്രകാശനം ചെയ്യുന്നത് അഭിനന്ദനാർഹമാണ്. ഇന്ത്യൻ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള ഈ പുനഃക്രമീകരണം സ്വാഗതാർഹമായ മാറ്റമാണ്. സമീപഭാവിയിൽ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാർഥ പുസ്തകങ്ങൾ മലയാളത്തിൽ എഴുതപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യുനെസ്‌കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം തൃശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
ഉന്നതി പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരം ജില്ലയിൽനിന്നുള്ള കുട്ടിമാത്തൻ കാണിക്കു നൽകി. സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കു സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റർ അജു വരച്ച ചിത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരം കോർപ്പറേഷന്റെ ഉപഹാരം മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ പ്രതി എ.ഐ.സി.ടി.ഇ. ചെയർമാൻ ഡോ. ടി.ജി. സീതാറാം രാഷ്ട്രപതിക്കു സമ്മാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പട്ടികജാതി, പട്ടിവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Share your comments