<
  1. News

കേരള സർക്കാരിനോടും പൊതുജനങ്ങളോടും കേരളാ ജൈവകർഷക സമിതിയുടെ അഭ്യർത്ഥന

കേരള സർക്കാരിനോടും പൊതുജനങ്ങളോടും കേരളാ ജൈവകർഷക സമിതിയുടെ അഭ്യർത്ഥന

Arun T

 

ആരോഗ്യമാണ് മറ്റെന്തിനേക്കാളും വലുതെന്ന് നമ്മെയെല്ലാം വീണ്ടും വീണ്ടും പഠിപ്പിക്കുകയാണല്ലോ കോവിഡ്- 19 ൽ നിന്നു രക്ഷപ്പെടാനുള്ള 'ഈ വീട്ടിലിരിപ്പു 'കാലം. കോവിഡ് നിയന്ത്രണത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയായതു പോലെ, ഈവിധം വരാവുന്ന മാരക രോഗങ്ങളെ ചെറുക്കുന്ന രോഗ പ്രതിരോധ ശക്തിയുള്ളവരായി മാറുന്നതിനും മലയാളികൾക്കു ഇനി കഴിയണം. അതിന് നമ്മുടെ ആരോഗ്യനയത്തിലും ഭക്ഷ്യ നയത്തിലും കാർഷിക നയത്തിലും സാമ്പത്തിക നയത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ഒരേ ലക്ഷ്യം മുൻനിർത്തി ആരോഗ്യം, ഭക്ഷ്യം, കൃഷി, തൊഴിൽ, ധനകാര്യം എന്നീ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള ഒരു പ്രവർത്തനമാണിനി നമുക്കാവശ്യം. കാരണം ഏതു സമൂഹത്തിനാണോ കൂടുതൽ രോഗ പ്രതിരോധശേഷിയുള്ളത് അവരായിരിക്കും ഇനി അതിജീവിക്കുക. അതിലേക്ക് എത്രത്തോളം നമ്മൾ മാറാൻ തയ്യാറാണോ അതനുസരിച്ചായിരിക്കും നമ്മുടെ ഭാവി.
ഇതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കണമെന്ന് കേരള സർക്കാരിനോടും കേരളത്തിലെ ജനങ്ങളോടും കേരളാ ജൈവകർഷക സമിതി അഭ്യർത്ഥിക്കുന്നു. ഇവ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും ജനങ്ങൾക്കും സർക്കാരിനും നൽകാൻ ഞങ്ങൾ സദാ സന്നദ്ധമാണ്.

പുതിയ ആരോഗ്യനയം വേണം


രോഗ ചികിത്സയിൽ കേരളം മികവു പുലർത്തുന്നു എന്നതിൽ സംശയമില്ല. എന്നാൽ രോഗങ്ങൾ പിടിപെടാതെ നോക്കുന്നതിൽ നമ്മൾ അത്രയൊന്നും ശ്രദ്ധിക്കാതായിട്ടുണ്ട്. നല്ല ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നുള്ള ധൈര്യമുള്ളതുകൊണ്ടാണോ എന്നറിയില്ല രോഗങ്ങളെ ഭയപ്പെടാത്ത അവസ്ഥ നമുക്കിടയിലില്ലേ?

ഈ പകർച്ച രോഗത്തിനു ചികിത്സയില്ല എന്നും മരണം വരെ സംഭവിക്കാം എന്നും വന്നപ്പോഴാണ് എല്ലാവരും വീട്ടിലിരിക്കാനും അകലം പാലിക്കാനും നിർബ്ബന്ധിതരായത്. അതുകൊണ്ട് നാമെല്ലാം അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയൊന്നുമല്ലല്ലോ? അതോടൊപ്പം ഏറെ ബുദ്ധിമുട്ടിക്കുന്നതാണ് ചികിത്സക്കും മറ്റും വേണ്ടി വരുന്ന രാപ്പകലില്ലാത്ത മനുഷ്യ പ്രയത്‌നവും പണച്ചെലവും.

ആയതിനാൽ 'ചെളിയിൽ ചവിട്ടി കാൽ കഴുകുന്നതിനേക്കാൾ നല്ലത് ചെളിയിൽ ചവിട്ടാതിരിക്കലാണ്. ' എന്നാൽ പലതരം പകർച്ചപ്പനികളും അതുവഴിയുളള മരണങ്ങളും കാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളും കേരളത്തിൽ വളരെ കൂടുതലായിരിക്കുകയാണ്. കാരണം കാൽ കഴുകാൻ സൗകര്യമുണ്ടെന്നു കരുതി എല്ലാവരും ചെളിയിൽ ചവിട്ടുന്നത് കാര്യമാക്കുന്നില്ല. ഇനിയെങ്കിലും ഇത്തരം രോഗങ്ങളെ കുറച്ചു കൊണ്ടുവരുന്ന വിധത്തിലുള്ള ഒരു ആരോഗ്യനയം നമ്മൾ സ്വീകരിച്ചേ മതിയാവൂ.

കോവിഡു രോഗവ്യാപനത്തെ തടയുന്നതുപോലെ, ക്യാൻസർ ഉൾപ്പെടെയുള്ള രോഗികളുടെ എണ്ണം കുറക്കുന്ന വിധത്തിൽ, രോഗപ്രതിരോധത്തിനു കൂടി പ്രാധാന്യം നൽകുന്ന ആരോഗ്യനയമാണ് നമുക്കു വേണ്ടത്. എങ്കിലേ ചെറിയൊരു ജലദോഷപ്പനി വന്നാൽ പോലും മരണത്തിൽ കലാശിക്കുന്ന ഗതികേടിനെ മറികടക്കാൻ കഴിയൂ. അതിന് താഴെ പറയുന്നവയിൽ ആരോഗ്യ വകുപ്പ് ഇടപെടണം.

1) രോഗ പ്രതിരോധ ശക്തി ഉണ്ടാക്കുന്നതിൽ വിഷവിമുക്തവും മായം കലരാത്തതുമായ ഭക്ഷണത്തിൻ്റെ പ്രാധാന്യം ആരോഗ്യ വകുപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തണം.

2) മരുന്നുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിലും കേരളം മുന്നിലാണ്. അത് കർശനമായി നിയന്ത്രിക്കപ്പെടണം. കാരണം മരുന്നുകളുടെ ഇത്തരം ഉപയോഗം ശരീരത്തിൻ്റെ രോഗ പ്രതിരോധശേഷിയെ കുറയ്ക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

3) രോഗ പ്രതിരോധം തകർക്കുന്ന കൃത്രിമ പാനിയങ്ങൾ, പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയോട് ജനങ്ങൾ അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജനങ്ങളോട് പറയണം.

4) കേരളത്തിലെ ജനങ്ങൾക്ക് പ്രാദേശികമായും സുലഭമായും കിട്ടുന്ന പോഷക വൈവിധ്യമുള്ള ഭക്ഷ്യവസ്തുക്കൾ ഏതൊക്കെ, അവ എത്ര അളവിൽ , പ്രായത്തിനൊത്ത് കഴിക്കേണ്ടതിനെപ്പറ്റി, ഏറ്റവും പുതിയ വിദഗ്ധ പഠനങ്ങളുടെ വെളിച്ചത്തിൽ ആരോഗ്യ വകുപ്പ് ബോധവൽക്കരണം നടത്തണം.

ഭക്ഷ്യനയം മാറണം

തെറ്റായ ഭക്ഷണശീലങ്ങൾ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനാൽ അത്തരം ശീലങ്ങളിൽ നിന്ന് അകലം പാലിച്ച് രോഗ പ്രതിരോധശേഷി നൽകുന്ന ഭക്ഷണ ശീലത്തിലേക്ക് നമ്മൾ മാറേണ്ടതുണ്ട്. ഇത്തരം ഭക്ഷ്യവിഭവങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഒരു ഭക്ഷ്യനയമാണ് കേരളത്തിനു വേണ്ടത്.

അതിനു നിലവിലെ ഭക്ഷ്യനയത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തണം.

1) മലയാളികളുടെ മുഖ്യാഹാരം അരിയായതിനാൽ പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിന് ഒരു പരിധി വരെ തടയിടണമെങ്കിൽ 50%മെങ്കിലും തവിടുള്ള അരി എല്ലാവർക്കും ലഭ്യമാക്കണം. തവിട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതായി നിരവധി പഠനങ്ങളുണ്ട്.

3) ഇന്ന് മാർക്കറ്റിലെത്തുന്ന തവിട്ടരിയിൽ ഏറെയും, രോഗങ്ങൾ വരുത്തുന്ന കൃത്രിമ നിറം കലർത്തിയതാണ്. പകരം പൊതു വിപണിയിലും റേഷൻ കടയിലും ശരിയായ തവിടുള്ള അരി ലഭ്യമാക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തവിട് അടങ്ങിയ അരിയേ കേരളം സ്വീകരിക്കാവൂ.

4) അരി മാത്രം മുഖ്യാഹാരമാക്കാതെ കിഴങ്ങുകൾ, ചെറുധാന്യങ്ങൾ എന്നിവയും മലയാളികൾ ഭക്ഷണത്തിൻ്റെ ഭാഗമാക്കണം. ഇവ ജീവിതശൈലീ രോഗങ്ങളെ അകറ്റാൻ നല്ലതാണ്. ചെറുധാന്യങ്ങൾ പൊതുവിതരണ ശൃംഖലയിലൂടെ എല്ലാവർക്കും ലഭ്യമാക്കണം.

5) പഞ്ചസാര ചേർന്ന സാധനങ്ങളുടെ ഉപയോഗത്തോടും അകലം പാലിക്കണം.

6) ഭക്ഷണത്തിൽ പ്രാദേശികമായതും കാലാകാലങ്ങളിൽ കിട്ടുന്നതും വിഷമില്ലാത്തതുമായ ഉല്പന്നങ്ങളോട് അടുപ്പം കാണിക്കണം.

7) പുതിയ തലമുറ പഴങ്ങൾ, പച്ചക്കറികൾ ഇവ വേണ്ടത്ര ഉപയോഗിക്കാത്തതിനാൽ മേൽപ്പറഞ്ഞ പോഷക വൈവിധ്യമുള്ള ഭക്ഷണ ശീലത്തെപ്പറ്റി വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയും അവ അവിടെ നൽകുകയും വേണം.

8) കൃത്രിമ തീറ്റ നൽകി വളർത്തുന്ന ജീവികളുടെ മാംസത്തിൻ്റെയും പാലിൻ്റെയും ദോഷവശങ്ങൾ പരിശോധിക്കണം. ഇത്തരം വലിയ ഫാമുകൾ പകർച്ച രോഗങ്ങൾ വരുത്തുന്ന പുതിയ അണുക്കളെ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇത്തരം വ്യവസായങ്ങൾ നിയന്ത്രിക്കപ്പെടണം.

9 ) ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ പച്ചക്കറി, ഭക്ഷ്യ എണ്ണകൾ, പാല്, പാലുല്പന്നങ്ങൾ, മുട്ട, മാംസം , പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ വിപണിയിലെത്തുന്ന എല്ലാത്തിലുമുള്ള വിഷാംശം / മായം എന്നിവയുടെ പരിശോധനയും ശിക്ഷയും കർക്കശമാക്കണം. ഇതിന് പഞ്ചായത്തുതലത്തിൽ ഉദ്യോഗസ്ഥരെ ഏർപ്പാടാക്കണം. ഓരോന്നിലുമടങ്ങിയ വിഷം / മായം ,അതിൻ്റെ ദോഷങ്ങൾ ഇവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം.

 

കാർഷിക നയം മാറണം

രോഗ പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന ആരോഗ്യനയത്തിനും ഭക്ഷ്യ നയത്തിനും അനുസരിച്ചുള്ള ഒരു കാർഷിക നയം ഉണ്ടാക്കണം. കൃഷിയെന്നാൽ ഏതെങ്കിലും വിഭവങ്ങളുടെ കേവലമായ ഉല്പാദനരംഗം മാത്രമല്ല. അത് പരിസ്ഥിതി, ജൈവ വൈവിധ്യം, ഭക്ഷ്യ വൈവിധ്യം, ആരോഗ്യം, തൊഴിൽ, സമ്പത്ത് എല്ലാം നിലനിർത്തുന്നതും വർദ്ധിപ്പിക്കുന്നതുമായ ഏറ്റവും സുപ്രധാന മേഖലയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ഇതിന് താഴെ പറയുന്ന നടപടികൾ ആവശ്യമാണ്.

1 ) വികേന്ദ്രീകൃതവും ചെറുകിടവുമായ നാടൻ കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, മത്സ്യകൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കണം.

2) പഞ്ചായത്ത്തലത്തിൽ ജനങ്ങൾക്ക് ആവശ്യമുള്ള അരി, പച്ചക്കറി, പഴം, പാല്, മാംസം, മത്സ്യം തുടങ്ങിയ എല്ലാ ഭക്ഷ്യവിഭവങ്ങളുടെയും കണക്കെടുത്ത് അവ സാധ്യമായത്ര പ്രാദേശികമായി എത്രമാത്രം ഉല്പാദിപ്പിക്കാൻ പറ്റും എന്നു പരിശോധിക്കണം. തുടർന്ന് അവയെല്ലാം ആവുന്നത്ര പ്രാദേശികമായി രാസവള - രാസകീടനാശിനികൾ ഉപേക്ഷിച്ച് ജൈവ രീതിയിൽ ഉല്പാദിപ്പിക്കണം.

3) ഈ ഉല്പന്നങ്ങൾ പഞ്ചായത്ത്തല വിപണന കേന്ദ്രങ്ങൾവഴി ജനങ്ങൾക്ക് ലഭ്യമാക്കണം.


തൊഴിൽ നയം


കേരളത്തിൽ തന്നെ ആകാവുന്നത്ര തൊഴിലുകൾ സൃഷ്ടിക്കാൻ മുൻഗണന നൽകുന്ന ഒരു തൊഴിൽ നയം നമുക്കിനി വേണം. ഏറ്റവുമധികം ജനങ്ങൾ ആശ്രയിച്ചിരുന്ന കാർഷിക മേഖലയുടെ പിന്നോട്ടു പോക്ക് കേരളത്തിലെ തൊഴിൽ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഭ്യന്തരമായ നിരവധി പുതിയ തൊഴിലുകളെ കൂടി സൃഷ്ടിക്കാൻ നമ്മുടെ കാർഷിക രംഗത്തെ കാലാനുസൃതമായി പരിഷ്ക്കരിച്ചാൽ തീർച്ചയായും സാധിക്കും.


അതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

1) ഗ്രാമ പഞ്ചായത്ത്തലത്തിൽ കൃഷിയിലും അനുബന്ധ മേഖലയിലും എത്ര പേർക്ക് തൊഴിൽ നൽകാനാവും എന്ന് വിവരശേഖരണം നടത്തണം.

2) കൃഷിയിലെ മൂല്യവർധിത ഉല്പന്നങ്ങളുടെ തൊഴിൽ മേഖലകൾ പഞ്ചായത്ത് തലത്തിൽ ഉണ്ടാക്കണം.

3) മിച്ചമുള്ള ജൈവഭക്ഷ്യവിഭവങ്ങൾ മൂല്യവർധിത ഉല്പന്നങ്ങളാക്കി പുറം നാടുകളിലേക്ക് കൊടുക്കണം. ഇന്ന് ലോകമെങ്ങും ജൈവോല്പന്നങ്ങൾക്ക് ആവശ്യം ഏറിവരികയാണ്. ഭക്ഷ്യ വിഭവങ്ങളുടെ സംഭരണ കേന്ദ്രങ്ങളും സംസ്ക്കരണ കേന്ദ്രങ്ങളും പഞ്ചായത്ത്തലത്തിൽ വേണം.

4) കൃഷി, ഭക്ഷണം, ആരോഗ്യമേഖലയിൽ പലതരം തൊഴിലുകൾ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കണം. കമ്പ്യൂട്ടർ വിദഗ്ധർ, ശാസ്ത്ര വിദഗ്ധർ, മേൽനോട്ടക്കാർ, തൊഴിലാളികൾ, സംരംഭകർ എന്നിങ്ങനെ വിവിധ തൊഴിലുകൾ ഉണ്ടാകണം.

ധനകാര്യം

ആരോഗ്യരക്ഷയും ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും പ്രാദേശിക തൊഴിലും ഒറ്റയടിക്ക്സംരക്ഷിക്കുന്നതിന് കാർഷിക മേഖലക്കു മാത്രമേ കഴിയൂ. അതിനാൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനാകണം സംസ്ഥാന ബഡ്ജറ്റിൽ ഏറ്റവും കൂടുതൽ പണം നീക്കിവെയ്ക്കേണ്ടത്. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന നാളികേരം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ നിരവധി വിഭവങ്ങളെ മൂല്യവർധിത ഉല്പന്നങ്ങളാക്കി അവ പുറം നാടുകളിലേക്ക് കൈമാറി തൊഴിലും വരുമാനവും വർധിപ്പിക്കാൻ കഴിയും. ഇങ്ങനെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്ന സമഗ്ര പദ്ധതികളാണ് നമുക്കാവശ്യം. ഈ ജൈവ കാർഷിക 'പദ്ധതികളുടെ ആസൂത്രണവും നിർവ്വഹണവും തദ്ദേശ സ്ഥാപനങ്ങളിലൂടെ നടത്തണം.

മറ്റു കാര്യങ്ങൾ

1) അലോപ്പതിയോടൊപ്പം മറ്റു ചികിത്സകളും കൂടി ചേർന്നതാകണം ചികിത്സാ സംവിധാനങ്ങൾ. രോഗാവസ്ഥയനുസരിച്ച്ഏതു ചികിത്സ സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യം രോഗിക്കും കുടുംബത്തിനും ഉണ്ടായിരിക്കണം.

2) എല്ലാ ഭക്ഷ്യവസ്തുക്കളിലെയും മായം/വിഷാംശം പരിശോധിക്കാൻ സൗകര്യങ്ങൾ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഏർപ്പാടാക്കണം.

3) പോഷക ഗുണവും രോഗപ്രതിരോധശേഷിയുമുള്ള നാടൻ വിത്തുകൾ കൃഷി ചെയ്യുന്നവർക്ക് ലഭ്യമാക്കണം. നാടൻ വിത്തിൻ്റെ സംരക്ഷണവും വിപണനവും തൊഴിൽ മേഖലയാക്കി മാറ്റണം.

4) അമൂല്യമായ നിരവധി ഔഷധസസ്യ സമ്പത്ത് കേരളത്തിലുണ്ട്. വിവിധ ചികിത്സാരീതികൾക്കാവശ്യമായ ഈ വിഭവങ്ങളുടെ കൃഷിയും സംസ്ക്കരണവും വിപണനവും വലിയ തൊഴിൽ മേഖല തന്നെ പ്രാദേശികമായി തുറന്നു തരുന്നതാണ്.

വികേന്ദ്രീകൃതമായ ജനകീയാസൂത്രണത്തിന് ലോക മാതൃകയായ കേരളത്തിൽ വികേന്ദ്രീകൃതമായ കാർഷിക- കൈത്തൊഴിലുകളും പരിസ്ഥിതി സൗഹൃദ വ്യവസായ സംരംഭങ്ങളും വികേന്ദ്രീകൃതമായ ഉപഭോഗശീലവുമാണ് ഇനി ആവശ്യം. തരിശുകിടക്കുന്ന എല്ലായിടത്തും ആകാവുന്നത്ര ഭക്ഷ്യവിളകൾ വിഷമില്ലാതെ ഉല്പാദിപ്പിച്ച് നമുക്ക് കേരളത്തിൻ്റെ പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും നാടിൻ്റെ സമ്പത്തും സംരക്ഷിക്കാം.


ഇതിനായി എല്ലാവിധ സഹായ സഹകരണങ്ങളും കേരളാ ജൈവകർഷക സമിതി സർക്കാരിനും ജനങ്ങൾക്കും നൽകാൻ തയ്യാറാണെണ് അറിയിച്ചു കൊള്ളുന്നു.

എന്ന്
കേരളാ ജൈവകർഷക സമിതി

"ജൈവകൃഷിയിലൂടെ ജൈവ ജീവിതത്തിലേക്ക് "

English Summary: kerala jaiva karshaka samithi request to government

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds