മലപ്പുറം: ഖാദി വ്യവസായ ബോര്‍ഡ് ഈ സാമ്പത്തികം വര്‍ഷം 150 കോടി രൂപയുടെ വസ്ത്ര വിപണനം ലക്ഷ്യമിടുന്നുവെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. കോട്ടപ്പടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി വ്യവസായമേഖല കുതിപ്പിന്റെ പാതയിലാണ്. ഇടക്കാലത്ത് പല പ്രതിസന്ധികളും നേരിട്ടെങ്കിലും കോവിഡിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ പരമ്പരാഗത വ്യവസായ മേഖലയ്ക്ക് നല്‍കിയ പിന്തുണയുടെ ഭാഗമായി ഖാദി വ്യവസായ മേഖലയ്ക്കും പ്രോത്സാഹനം നല്‍കി. അതിന്റെ ഭാഗമായാണ് ഖാദി വ്യവസായ ബോര്‍ഡിന്റെ ഈ വളര്‍ച്ചയെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ 'കേരള ഖാദി' ബ്രാൻഡ് പുറത്തിറക്കും: മന്ത്രി പി. രാജീവ്
ഖാദി വസ്ത്രത്തിന് ഒരു പുതിയ വിപണി ശൃംഖല രൂപപ്പെട്ടുകഴിഞ്ഞു. വിപണി ശൃംഖലയുടെ ഹിതമനുസരിച്ച് വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതല്‍ ഖാദിയിലെ വൈവിധ്യം ജനങ്ങളില്‍ എത്തും. പര്‍ദ്ദ, കുഞ്ഞുടുപ്പുകള്‍, പട്ടുസാരി, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി വിവിധതരം ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ വിപണിയിലെത്തും. അതനുസരിച്ച് ജൂലൈ ഒന്ന് മുതല്‍ ബക്രീദ് റിബേറ്റ് മേളക്ക് തുടക്കമിടും. 30 ശതമാനം വിലക്കുറവില്‍ ഖാദി വസ്ത്രങ്ങള്‍ ഷോറൂമുകളിലൂടെ ലഭ്യമാകും. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് മൂന്ന് മുതല്‍ സെപ്തംബര്‍ ഏഴ് വരെ ഓണം റിബേറ്റും നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു
ഖാദിയുടെ മൂല്യങ്ങള്‍ സംരക്ഷിച്ചാണ് ഖാദി വസ്ത്രങ്ങളും വസ്ത്രതേര ഉല്‍പന്നങ്ങളും വിപണിയിലെത്തുന്നത്. ഖാദി മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി ഖാദി ലേബലില്‍ വ്യാജ വസ്ത്രങ്ങള്‍ വിപണിയിലെത്തുന്നു എന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖാദിയുടെ കാര്യത്തില്‍ ജനങ്ങളെ ബോധവാന്മാരാക്കാനും വര്‍ധിച്ച വിപണി സാധ്യതയെ ഉപയോഗിച്ചു പ്രവര്‍ത്തിക്കാനുമാണ് ബോര്‍ഡ് ശ്രമിക്കുന്നത്. ഖാദി പ്രചരണത്തില്‍ എല്ലാവരും പങ്കാളികളാവാനും പി.ജയരാജന്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ്
കോട്ടപ്പടിയില്‍ നടന്ന ചടങ്ങില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷനായി. ഖാദി വ്യവസായ ബോര്‍ഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ്.കൃഷ്ണ തുടങ്ങി മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Share your comments