ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷി ചെയ്തിരുന്ന പൂർവികരുടെ രീതിയിലേക്ക് തിരിച്ച് പോകാനുള്ള പ്രവർത്തനങ്ങളാണ് കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. മാണിക്കൽ പഞ്ചായത്തിലെ ഏറകട്ടയ്ക്കാൽ പാടശേഖരത്ത് കൃഷിക്കായുള്ള വിത്ത് വിതയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭകരമല്ലെന്ന് കണ്ട് പലരും കൃഷിയിൽ നിന്ന് പിന്മാറുന്നത് കണ്ടില്ലന്ന് നടിക്കാൻ നമുക്കാവില്ല. ഈ സാഹചര്യം മറികടക്കാനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നത്തിനു കൃഷിവകുപ്പിൻ്റെ സഹായം
മാണിക്കൽ പഞ്ചായത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ മാതൃകയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം 7.5 ലക്ഷം മെട്രിക് ടൺ നെല്ല് ഉത്പാദിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു.ഇത് വലിയ ഒരു ചുവടു വയ്പ്പാണ്. കാർഷിക ഉത്പാദന രംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിത കേരള മിഷൻ്റെ ഭാഗമായാണ് 'പുഴയൊഴുകും മാണിക്കൽ 'എന്ന് പേരിട്ട് മാണിക്കൽ പഞ്ചായത്തിൽ നെൽകൃഷി ആരംഭിച്ചത്. ഏറകട്ടയ്ക്കാൽ പാടശേഖരത്ത് തരിശായി കിടന്നിരുന്ന പത്തേക്കറോളം വയൽ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയോഗ്യമാക്കി വിത്തിട്ടത്. പഞ്ചായത്തിലൂടെ ഒഴുകുന്ന അരുവിയുടെ സമീപത്തായി ഏതാണ്ട് 10 ഹെക്ടറോളം ഭൂമി കൂടി കൃഷിയോഗ്യമാക്കാൻ പദ്ധതിയുണ്ട്.
കുടുംബശ്രീ ഇനി ഗ്രാമീണ വികസനത്തിന്റെ പൂർണ്ണ ചുമതലയിൽ
കൃഷിയിൽ നിന്ന് അകന്നു പോയ കർഷകരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവന്ന് നെൽകൃഷിയിൽ മാത്രം ഒതുങ്ങാതെ സമ്മിശ്ര കൃഷികളും ആരംഭിക്കും. വിവിധ വകുപ്പുകളുടെയും പൊതു ജനപങ്കാളിത്തത്തോടെയുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മാണിക്കൽ പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കുകയാണ് ലക്ഷ്യം. മാണിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് കുതിരകുളം ജയൻ അധ്യക്ഷനായ ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ, നവ കേരള മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ടി.എൻ സീമ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി.കോമളം, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ പുഴയൊഴുകും മാണിക്കൽ പദ്ധതി കോ-ഓർഡിനേറ്റർ ജി. രാജേന്ദ്രൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Share your comments