എറണാകുളം: മൂന്ന് വർഷം കൊണ്ട് ഭൂരഹിതരും അതിദരിദ്രരുമില്ലാത്ത കേരളം പടുത്തുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ രണ്ടാം വാർഷികഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണത്തിന്റെ സമാപനം തേക്കിൻ കാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 62,100 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു. ഈ ലക്ഷ്യം 2023ഓടെ പൂർത്തീകരിക്കും. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഈ വർഷം 40,000 പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 67,069 പേരെ ഭൂമിയുടെ അവകാശികളാക്കാൻ കഴിഞ്ഞു. രണ്ടുവർഷത്തിനിടെ സർക്കാർ 1,21,604 പട്ടയം വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പട്ടയം ലഭിക്കാത്ത ആളുകളുടെ പട്ടിക തയ്യാറാക്കുകയാണ്. പട്ടയ മിഷൻ വഴി പട്ടയങ്ങൾ നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ലൈഫ് മിഷന്റെ ഭാഗമായി മൂന്നര ലക്ഷത്തോളം വീടുകൾ യാഥാർത്ഥ്യമായി. 40,000 വീടുകൾ നിർമ്മാണത്തിനായി കരാർ നടപടി സ്വീകരിച്ചു. 60,000 വീടുകൾ പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ജനങ്ങൾ സർക്കാരിലർപ്പിക്കുന്ന വിശ്വാസം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ആദിവാസി വിഭാഗക്കാരുടെ ഭൂമി പ്രശ്നത്തിൽ ഗൗരവമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി 70,000 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കി. വനഭൂമി, ആദിവാസി പട്ടയങ്ങൾ കാലതാമസം കൂടാതെ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. എല്ലാ ആദിവാസി വിഭാഗങ്ങൾക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
ചരിത്രത്തിൽ ആദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ കേരളത്തിലെ 15 വില്ലേജുകളിൽ ജൂലൈ മാസത്തോടെ നിലവിൽ വരുമെന്ന് ചടങ്ങിൽ അധ്യക്ഷനായ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. റവന്യു, സർവ്വേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സംയുക്ത പോർട്ടലായ എന്റെ ഭൂമി വഴി അർഹരായ എല്ലാവർക്കും പട്ടയ മിഷനിലൂടെ ജൂണിൽ പട്ടയം നൽകുമെന്നും മന്ത്രി അറിയിച്ചു. അനധികൃതമായും അനർഹരായി ഭൂമി കൈവശം വക്കുന്നവരിൽ നിന്നും ഭൂമി പിടിച്ചെടുക്കാനുള്ള കർശന നടപടി സ്വീകരിക്കാൻ മടിയില്ലാത്ത സർക്കാരാണിത്. പിടിച്ചെടുത്ത ഭൂമി അർഹരായ ഭൂരഹിതർക്ക് നൽകാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ ഭൂവിതരണത്തിൽ അത്ഭുതകരമായ മുന്നേറ്റമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളായി. തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ്, ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ പി ബാലചന്ദ്രൻ, എ സി മൊയ്തീൻ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, വിവിധ ജില്ലാ കലക്ടർമാർ, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് സ്വാഗതവും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് നന്ദിയും പറഞ്ഞു.
Share your comments