ആയുഷ് മേഖലയിലെ കേരളത്തിൻ്റെ ശ്രദ്ധേയമായ മുന്നേറ്റത്തിനെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയ തല അവലോകനത്തിൻ്റെ ഭാഗമായി ഉദ്യേഗസ്ഥരും വിദഗ്ദരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകൾ സന്ദർഷിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് കേരളത്തിനെ അഭിനന്ദിച്ചത്.
കേരളം നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോർജ്
ആയുഷ് രംഗത്ത് കേരളം നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിൻ്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ 2 വർഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുൻവർഷങ്ങളേക്കാൾ മൂന്നിരട്ടി വർധനവാണ് നടത്തിയത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ പുതുതായി ഉണ്ടാക്കി. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബുകൾ ആരംഭിച്ചു. ആയുഷ് മേഖലയിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഒപി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിൽ
ആയുഷ് സേവനങ്ങൾക്കായുള്ള ഒപി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒപി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വർധനവ് ഈ രംഗത്തെ സ്വീകാര്യതയും മുൻഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ കേരളം മികവ് പുലർത്തുന്നതായി നീതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു ക്യാമ്പിൽ ഏകദേശം 600പേർ വരെ എത്തുന്നുണ്ട് ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്നും അഭിപ്രായപ്പെട്ടു.
ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വർധിപ്പിച്ചിട്ടുണ്ട്
ആയുഷ് മെഡിക്കൽ സേവനങ്ങളോടുള്ള ജനങ്ങളുടെ പൊതു മുൻഗണനയിലും കേരളം ഒന്നാമതാണ്. സംസ്ഥാനത്ത് ആയുഷ് മേഖലയിൽ കൈവരിച്ച സുപ്രധാന പുരോഗതിയിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളത്തിൽ മുഴുവൻ സമയ യോഗ പരിശീലകരുടെ ലഭ്യത ഉറപ്പാക്കിയതിനെ റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യോഗയ്ക്കായി പരിശീലകരുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല ഗുണഭോക്താക്കളുടെ എണ്ണവും യോഗ സെഷനുകളും വർധിപ്പിച്ചിട്ടുണ്ട്. ആയുഷ് വെൽനെസ് സെന്ററുകളിലെ ശുചിത്വമുള്ള ശുചിമുറികളും മികച്ച നിലവാരം പുലർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Share your comments