നമ്മുടെ രാജ്യം ഒരു കാർഷിക രാജ്യമാണ്. നമ്മുടെ ചരിത്രവും സംസ്കാരവുമെല്ലാം കൃഷിയെന്ന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1930 കളിലാണ് ലോകം ഭക്ഷ്യക്ഷാമത്തിൻ്റെ ദുരന്തം തിരിച്ചറിഞ്ഞത്. ഹരിതവിപ്ലവം വലിയ മുന്നേറ്റങ്ങൾ കാർഷിക മേഖലയിൽ ഉണ്ടാക്കി. സ്വതന്ത്ര ഇന്ത്യയെ ആധുനികല്ക്കരിക്കുന്നതിലേക്കായി നാം പഞ്ചവത്സര പദ്ധതികൾക്ക് ആവിഷ്ക്കരിക്കുകയുണ്ടായി. മൂന്നാം പഞ്ചവത്സര പദ്ധതിയിലായിരുന്നു കൃഷിക്ക് പ്രാധാന്യം നല്കിയിരുന്നത്. ഭക്ഷ്യസ്വയംപര്യാപ്തതയും കാർഷിക ഉല്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുക എന്നതുമായിരുന്നു മൂന്നാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ.
1951-ൽ 97.2 ദശലക്ഷം കർഷകരാണ് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 144.3 ദശലക്ഷമായി മാറിയിരിക്കുന്നു. ഇന്നത്തെ 130 കോടി ജനങ്ങൾ നിലനിൽക്കുന്നത് ഈ കർഷകരുടെ അത്യധ്വാനത്തിൻ്റെ ഫലമാണ്. എന്നാൽ കർഷകരോടുള്ള അവഗണനയ്ക്ക് കൃഷിയുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട്. അന്നം തരുന്നവർ എക്കാലവും പ്രാരാബ്ധങ്ങളുടെ തടവറയിലാണ്. നാഷണൽ ക്രൈംസ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നവരിൽ 7.4 ശതമാനം കർഷകരാണ്. 2019 -ൽ 10,281 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.
1991- മുതൽ നമ്മുടെ രാജ്യം സ്വീകരിച്ച ആഗോള - ഉദാരവല്ക്കരണ നടപടികൾ ഏറ്റവും ദോഷകരമായി ബാധിച്ചത് കർഷക സമൂഹത്തെയാണ്. കുത്തഴിഞ്ഞ കോർപ്പറേറ്റ് വല്ക്കരണം ലാഭകരമല്ലാത്ത തൊഴിൽ എന്ന നിലയിൽ കൃഷിയെ കൊണ്ടെത്തിച്ചു. ഇങ്ങനെ ഇരുളടഞ്ഞ ഭാവിയുമായി നട്ടം തിരിയുന്ന കർഷകർക്കുമേലുള്ള കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി കൂടിയാണ് കഴിഞ്ഞ ജൂൺ 5 ന് കൊണ്ടുവന്ന കാർഷിക ബില്ല്. ഈ ബില്ലിനെതിരേ കഴിഞ്ഞ 7 മാസമായി കർഷകർ ഒന്നടങ്കം തെരുവിൽ സമരത്തിലാണ്.
ഭരണഘടനാപ്രകാരം കൃഷി എന്നത് സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയമായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ Farmers Produces Trade and Commerce Law -യിലൂടെ കൃഷിയെ കേന്ദ്ര വിഷയമായി മാറ്റിയിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പു നല്കുന്ന ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണ്.
വൻകിട കോർപ്പറേറ്റുകൾക്ക് നേരിട്ട് കമ്പോളത്തിൽ ഇടപെടാൻ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ നിയമത്തെ കേന്ദ്ര സർക്കാർ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ഉൽപ്പന്ന-സംഭരണ കേന്ദ്രങ്ങൾ ഇല്ലാതാവുകയും കോർപ്പറേറ്റുകൾ നേരിട്ട് ഉല്പന്നം സ്വീകരിക്കുന്ന നില സംജാതമാവുകയാണ്. അങ്ങനെ വിപണിയുടെ അധികാരം കോർപ്പറേറ്റുകളിൽ ചെന്നെത്തും.പെട്രോളിൻ്റെ വിലനിർണ്ണയത്തിനുള്ള അവകാശം കോർപ്പറേറ്റുകൾക്ക് ലഭ്യമായപ്പോൾ തന്നിഷ്ടപ്രകാരം വിലകൂട്ടിക്കൊണ്ടിരിക്കുന്നതുപോലെ വരും നാളുകളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയും യഥേഷ്ടം കോർപ്പറേറ്റുകൾക്ക് തീരുമാനിക്കാവുന്ന അവസ്ഥ വന്നെത്തും.
ഉല്പന്നത്തിന് താങ്ങുവില എന്നത് കർഷകരുടെ ഒരു അവകാശമായിരുന്നു, എന്നാൽ പുത്തൻ പരിഷ്ക്കരണത്തോടുകൂടി താങ്ങുവിലയ്ക്കും തിരശ്ശീല വീണിരിക്കുന്നു. കാർഷിക ഉല്പന്നങ്ങളുടെ സംഭരണത്തിൽനിന്നും FCI പിൻമാറുന്നതോടുകൂടി തകർന്നടിയാൻ പോകുന്നത് രാജ്യത്തെ പൊതുവിതരണ സമ്പ്രദായം തന്നെയാവും. ഭക്ഷ്യമേഖലയിലെ പ്രശ്നം പഠിക്കാൻ വേണ്ടി കേന്ദ്രസർക്കാർ നിയമിച്ച ശാന്തകുമാർ എം.പിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ കണ്ടെത്തൽ ഭക്ഷ്യമേഖലയെ പൂർണ്ണമായും സ്വകാര്യവല്ക്കരിക്കുക എന്നതായിരുന്നു. അതിനു ശേഷമാണ് റേഷൻ ലഭിക്കുന്നവരുടെ എണ്ണം 67 ശതമാനത്തിൽ നിന്ന് 40 ശതമാനമായി വെട്ടിക്കുറച്ചത്.
ഇത്തരത്തിൽ ഇന്ത്യൻ കർഷകർ കോർപ്പറേറ്റുകളുടെ അടിമകളായി മാറാൻ പോവുകയാണ്. കരാർ കൃഷി വരുന്നതോടുകൂടി കൃഷിഭൂമികൾ കോർപ്പറേറ്റുകൾ മൊത്തത്തിൽ ഏറ്റെടുക്കുകയും അവരിൽ നിന്ന് കർഷകർ കൂടിയ വിലയ്ക്ക് പാട്ടത്തിനെടുക്കയും ചെയ്യേണ്ടി വരും. അങ്ങനെ കാർഷിക വൃത്തിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ലാതെ കർഷകരുടെ ഭാവി ഇരുളടഞ്ഞതാവും. ഇന്ത്യയിൽ 12000 കർഷകരാണ് ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്. ഇങ്ങനെയെങ്കിൽ വരും കാലങ്ങളിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുക തന്നെ ചെയ്യും.
ആഗതമായ ദേശീയ കർഷദിനത്തെ മുൻനിർത്തി നാം കർഷകർക്ക് വേണ്ടി ഉച്ചത്തിൽ ശബ്ദിക്കേണ്ടതുണ്ട്. അതൊരിക്കലും കർഷകർക്കുവേണ്ടിയല്ല, നമ്മുടെ തന്നെ നിലനിൽപ്പിനു വേണ്ടിത്തന്നെയാണ്. കർഷകൻ കിതച്ചാൽ തളരുന്നത് ഇന്ത്യയുടെ കുതിപ്പുതന്നെയാവും.
തയ്യാറാക്കിയത്
പ്രൊഫസർ സതീഷ് കുമാർ
Share your comments