എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച ഭക്ഷ്യ സുരക്ഷ മാർക്കറ്റിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിച്ചു.നാല് വർഷമായി താൽക്കാലിക ഷെഡുകളിൽ പ്രവർത്തിച്ചിരുന്ന കച്ചവടശാലകളാണ് ആധൂനിക രീതിയിൽ രൂപകൽപന ചെയ്ത് മാർക്കറ്റിലേക്ക് മാറ്റുന്നത്.
10,000 ചതുരശ്ര അടിയിൽ രൂപകൽപന ചെയ്ത ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ പച്ചക്കറി, പലചരക്ക്, പഴവർഗ്ഗങ്ങൾ, പാൽ, പലവ്യഞ്ജനങ്ങൾ എന്നിവ മാർക്കറ്റ് വിലയേക്കാൾ 70% വിലക്കുറവിൽ ലഭിക്കും. 300 ഓളം ഉൽപ്പന്നങ്ങൾ പുതിയ സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ 1000 ത്തോളം ഉൽപ്പന്നങ്ങൾ ക്രമീകരിക്കുമെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്ററും കിറ്റക്സ് ഗാർമെന്റ് സ് മാനേജിങ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം പഞ്ചായത്തിലെ 62,000 വരുന്ന ജനങ്ങളാണ് മാർക്കറ്റിന്റെ ഉപഭോക്താക്കൾ . 500 ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറ് വയസ്സിൽ താഴെയുള്ള 1500 കുട്ടികൾക്കും പാൽ മുട്ട എന്നിവ സൗജന്യമായിട്ടാണ് സ്റ്റാളിൽ നിന്നും നൽകുന്നത്.
സാധുക്കളായ 300 കുടുംബങ്ങൾക്കും റോഡ് വികസനത്തിനായ് സ്ഥലം വിട്ടുനൽകിയ 1050 കുടുംബങ്ങൾക്കും സൗജന്യമായാണ് സ്റ്റാളിൽ നിന്നും സാധനങ്ങൾ വിതരണം ചെയ്യുന്നത്.
കിഴക്കമ്പലത്തെ സ്റ്റാളിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന കുടുംബങ്ങൾക്ക് ഒരു മാസം 1500 രൂപയ്ക്ക് ജീവിക്കാനാകും . ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ നൽകാനാകും എന്നതാണ് പ്രത്യേകത.
Share your comments