കർഷക ക്ഷേമനിധി പെൻഷൻ ഓൺലൈനായി അപേക്ഷിക്കാം. പദ്ധതിയിൽ അംഗമാകുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ കർഷകർ ക്ഷേമനിധി ബോർഡിന്റെ https://kfwfb.kerala.gov.in/എന്ന പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഉയര്‍ന്ന പ്രായ പരിധി 55 വയസുമാണ്.
ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയിൽ നിർദേശിക്കുന്ന രേഖകളും (കർഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാർഷിക അനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോസ്ഥന്റെ സാക്ഷ്യപത്രം ( കൃഷി ഓഫിസർ ഒഴികെ) വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർകാർഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ ഭൂമി സംബന്ധിച്ച രേഖകളോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ) എന്നിവയും അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ ഓൺലൈനായി അടക്കണമെന്നും അധികൃതർ അറിയിച്ചു.
അംഗമാകുന്നതിനുള്ള യോഗ്യത
കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി, പട്ടുനൂൽപ്പുഴു കൃഷി, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യകൃഷി, കൂൺ കൃഷി, കാട കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാം.
100 രൂപ വീതം അംശദായമായി പ്രതിമാസം അടയ്ക്കാം. സ്വന്തം ഇഷ്ടപ്രകാരം ഇതിൽ ഉയർന്ന പ്രതിമാസ വിഹിതവും അംഗങ്ങൾക്ക് അടയ്ക്കാവുന്നതാണ്. കാരണം ഉയർന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. അംശദായം വാർഷികമായോ അർധ വാർഷികമായോ ഒരുമിച്ച് അടയ്ക്കാനുമാകും.
2020 ഒക്ടോബര്‍ 15നാണ് കർഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്. 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ് പൂർത്തിയാകുമ്പോൾ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിൽ പെന്‍ഷന്‍ ലഭിക്കും. 25 വര്‍ഷം അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന സേവനവും ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Profitable Farming: വഴുതനങ്ങയിലെ ഈ ഇനങ്ങൾ കൃഷി ചെയ്യാം
Share your comments