
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഉപയോക്താക്കള്‍ക്കായി വാഗ്‌ദാനം ചെയ്‌ത മറ്റൊരു പോളിസിയാണ് എല്‍ഐസി ജീവന്‍ ലാഭ് പോളിസി.
ജീവന്‍ ലാഭ് പോളിസിയിലൂടെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് മൊത്ത തുക ലഭിക്കുകയാണ് ചെയ്യുക. ഇനി മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകും മുമ്പ് പോളിസി ഉടമ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുവാനും ഈ പോളിസിയിലൂടെ സാധിക്കുമെന്ന് എല്‍ഐസി വ്യക്തമാക്കുന്നു.
ടേം ഇന്‍ഷുറന്‍സ് പോളിസികള്‍, മണി ബാക്ക് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, പെന്‍ഷന്‍ പ്ലാനുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തുടങ്ങി പല വിധ ഇന്‍ഷുറന്‍സ് പോളിസികള്‍ എല്‍ഐസി ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തു വരുന്നുണ്ട്. പരിരക്ഷയും, സമ്പാദ്യവും ഒപ്പം നേട്ടവും നല്‍കുന്നവയാണ് എല്‍ഐസിയുടെ എന്‍ഡോവ്‌മെന്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍. അത്തരത്തിലുള്ള എല്‍ഐസിയുടെ ഒരു എന്‍ഡോവ്‌മെന്റ് പോളിസിയാണ് ജീവന്‍ ലാഭ് പോളിസി.
8 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും എല്‍ഐസി ജീവന്‍ ലാഭ് പോളിസി വാങ്ങിക്കാവുന്നതാണ്. 16 വര്‍ഷത്തേക്കായിരിക്കും പോളിസി കാലയളവ്. എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയാണ്. എല്‍ഐസിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
ഓരോ മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, ഇനി ഓരോ വര്‍ഷത്തിലായോ ജീവന്‍ ലാഭ് പോളിസിയുടെ പ്രീമിയം തുക നല്‍കാവുന്നതാണ്. ഉപയോക്താവിന് അനുയോജ്യമായ പ്രീമിയം കാലയളവ് തെരഞ്ഞെടുക്കാം. വാര്‍ഷിക, അര്‍ധ വാര്‍ഷിക, പാദ വാര്‍ഷിക രീതിയില്‍ പ്രീമിയം അടയ്ക്കുമ്പോള്‍ ഒരു മാസത്തെ (30 ദിവസത്തില്‍ കുറയാത്ത) ഗ്രേസ് പിരീയഡും, മാസാടിസ്ഥാനത്തിലുള്ള പ്രീമിയം അടവിന് 15 ദിവസത്തെ ഗ്രേസ് പിരീയഡും പോളിസി ഉടമയക്ക് ലഭിക്കും.
ജീവന്‍ ലാഭ് പോളിസിയ്ക്ക് കീഴില്‍ മൂന്ന് വ്യത്യസ്ത തരത്തിലുള്ള പോളിസി/ പ്രീമിയം അടവ് കാലയളവുകളാണ് എല്‍ഐസി നിശ്ചയിച്ചിരിക്കുന്നത്. 16 വര്‍ഷത്തെ പോളിസി കാലയളവും പ്രീമിയം അടവ് 10 വര്‍ഷത്തേക്കും, 21 വര്‍ഷത്തെ പോളിസി കാലയളവും 15 വര്‍ഷത്തെ പ്രീമിയം അടവും , 25 വര്‍ഷത്തെ പോളിസി കാലയളവും 16 വര്‍ഷത്തെ പ്രീമിയം അടവും എന്നിങ്ങനെയാണവ.
21 വര്‍ഷത്തെ പോളിസി കാലയളവാണ് ഉപയോക്താവ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ പരമാവധി പ്രായം 54 വയസ്സ് ആയിരിക്കണം. 25 വര്‍ഷത്തെ പോളിസി കാലയളവ് തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി പ്രായം 50 വയസ്സ് ആണ്. മെച്യൂരിറ്റി പ്രായം 75 വയസ്സും. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അഷ്യേര്‍ഡ് ചെയ്ത തുകയും ബോണസും ലഭിക്കും. ആദായ നികുതി നിയത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും എല്‍ഐസി ജീവന്‍ ലാഭ് പോളിസി ഉടമകള്‍ക്ക് ലഭിക്കും.
മറ്റ് പ്രത്യേകതകള്‍
പോളിസിയെടുത്തയാള്‍ ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ സം അഷ്വേര്‍ഡ് തുകയോ വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങു വരെയോ നോമിനികള്‍ക്ക് ലഭിക്കും. ബോണസ് കൂടാതെയാണിത്. പോളിസി ഉടമയുടെ ഇന്‍ഷുറന്‍സ് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇന്‍സ്റ്റാള്‍മെന്റായും പണം പിന്‍വലിയ്ക്കാം. ഇതിന് അധിക പലിശ ലഭ്യമാകും. പോളിസി എടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പോളിസിയില്‍ നിന്ന് വായ്പാ സേവനവും ലഭിക്കും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ സറണ്ടര്‍ ചെയ്യാനാകും എന്ന മെച്ചവുമുണ്ട്. ക്രിട്ടിക്കല്‍ ഇല്‍നെസ്, ആകിഡന്റല്‍ ബെനിഫിറ്റ്‌സ് തുടങ്ങിയവ അധികമായി പോളിസിയില്‍ ഉള്‍പ്പെടുത്താനുമാകും.
എൽഐസി സരൽ പെൻഷൻ പദ്ധതി ആരംഭിച്ചു. നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം എത്രയെന്നറിയാം
എൽഐസി സ്കീം: പ്രതിദിനം 29 രൂപ ലാഭിച്ചുകൊണ്ട് 4 ലക്ഷം രൂപ നേടുക
Share your comments