
1. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ നിർവഹിച്ചു. സംസ്ഥാനത്തെ ആറ് മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്നും ഐ.എസ്.ആർ.ഒ.യുമായി ചേർന്ന് ഒരു ലക്ഷം ബോട്ടുകളിൽ ട്രാൻസ്‌പോണ്ടറുകൾ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ആശയവിനിമയ സാധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിന് നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുണഭോക്താക്കൾക്കുള്ള ഐസ് ബോക്‌സ് വിതരണവും ധനസഹായ വിതരണവും കേന്ദ്ര സഹമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ നിർവഹിച്ചു.
2. കോട്ടയം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ആറു പഞ്ചായത്തുകൾ ഉൾപ്പെടുത്തി ആരംഭിച്ച കൂൺഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി ശ്രീ. പി. പ്രസാദ് നിർവഹിച്ചു. കൂൺ കർഷകർക്ക് ഉത്പന്നവിപണനത്തിന് സാധ്യമായ സഹായങ്ങളെല്ലാം സർക്കാർ ഒരുക്കുമെന്നും കൂൺഗ്രാമത്തിന്റെ ഭാഗമായി ഉത്പന്ന നിർമാണത്തിന് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തി കൂൺഗ്രാമം പദ്ധതിയിലൂടെ നിർമിക്കുന്ന ഉത്പന്നങ്ങൾ 'കടന്തേരി' എന്ന ബ്രാൻഡ് പേരിലാകും അറിയപ്പെടുക. ഇതിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചടങ്ങിന് ശ്രീ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
3. കനത്ത ചൂടിന് ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളിൽ തെക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനല്‍മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. വരുന്ന 5 ദിവസവും തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെങ്കിലും വടക്കന്‍ കേരളത്തില്‍ നേരിയ മഴയാകും ലഭിക്കുക. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഉയര്‍ന്ന താപനിലാ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് താപനില ഉയരാൻ സാധ്യത.
Share your comments