എറണാകുളം: നാടിനെ മാലിന്യമുക്തമാക്കാൻ പ്രയത്നിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കൈത്താങ്ങ്. മാലിന്യ ശേഖരണം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 125 ട്രോളികളാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകുന്നത്. ഇതുവഴി സംഭരിക്കുന്ന മാലിന്യങ്ങൾ എം.സി.എഫ് ( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) ലേക്ക് മാറ്റുന്ന പ്രവർത്തി എളുപ്പമാകും.
ട്രോളികളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. മാലിന്യ മുക്തനാട് എന്ന ലക്ഷ്യത്തിനായി പഞ്ചായത്ത്തോറും ഹരിത കർമ്മ സേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ മേഖലക്ക് പ്രാധാന്യം നൽകി വിവിധ പദ്ധതികൾ ഏറ്റെടുക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്.
ബ്ലോക്ക് പരിധിയിൽ വരുന്ന പത്ത് പഞ്ചായത്തുകളുടെയും ആവശ്യാനുസരണമാണ് ട്രോളികൾ ലഭ്യമാക്കുന്നത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് ട്രോളികൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ഹരിത കർമ്മ സേനകൾക്ക് ഇലക്ട്രിക് ഓട്ടോ വിതരണം ചെയ്തിരുന്നു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസ്സി സാജു, ജോസ് വർഗീസ്, മാമച്ചൻ ജോസഫ്, വൈസ് പ്രസിഡൻ്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാലി ഐപ്, ജയിംസ് കോറമ്പേൽ, അംഗങ്ങളായ ആനിസ് ഫ്രാൻസിസ്, ഡയാന നോബി, നിസാമോൾ ഇസ്മായിൽ, ടി.കെ കുഞ്ഞുമോൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments