കഴിഞ്ഞ 32 വർഷമായി മണ്ണിൽ എല്ലുമുറിയെ പണിയെടുത്ത്, പൊന്ന് വിളയിച്ച്, കൃഷിയെ ജയിച്ച ഒരു കർഷകനെ പരിചയപ്പെടാം. കോട്ടയം ജില്ലയിലെ ഓണംതുരുത്ത് പതിപ്പറമ്പിൽ ടോമി ജോസഫ്. രാവിലെ അഞ്ച് മണിക്കാരംഭിക്കും ടോമിയുടെ ഒരു ദിവസം. വൈകിട്ട് ഏഴ് വരെ അത് നീളും. വിളവെടുപ്പാകുമ്പോൾ ആ സമയം പിന്നെയും നീളും. രാവിലെ എട്ടു മണിക്ക് മുമ്പ് പച്ചക്കറി ചന്തയിൽ എത്തിക്കേണ്ടതിനാൽ പന്ത്രണ്ട് മണി രാത്രി ലെെറ്റും തെളിച്ച് പറമ്പിലേക്ക് പോകും. കൂടെ, കർഷക കുടുംബത്തിൽ പിറന്ന, സന്തതസഹചാരിയായ ലൈലാമ്മയും മക്കളും. അങ്ങനെ മുണ്ട് മുറുക്കി ഉടുത്ത് മക്കളെ വളർത്തിയ അച്ഛന് ഇന്ന് ഏറെ അഭിമാനം. ചെറുപ്രായത്തിൽ കൃഷിയിൽ സഹായിച്ച രണ്ട് പെൺമക്കളെയും മകനെയും വളർത്തി നല്ല നിലയിലാക്കി.
സ്വന്തമായി ഭൂമിയില്ലാത്ത ടോമി സ്ഥലം പാട്ടത്തിനെടുത്തും വിഷമില്ലാത്ത പച്ചക്കറി വിളയിക്കാൻ താത്പര്യമുള്ളവർ സൗജന്യമായി നൽകുന്ന സ്ഥലത്തുമാണ് കൃഷി ചെയ്യുന്നത്. ഇത്തവണ രണ്ടേക്കർ സ്ഥലമാണ് പാട്ടത്തിനെടുത്തത്. അവിടെ 150 ചുവട് പയറും പടവലും കപ്പയുമൊക്കെ സമൃദ്ധിയായി വളരുന്നു. അര ഏക്കറിൽ നീണ്ടൂർ സഹകരണ ബാങ്കിന്റെ ജൈവ പച്ചക്കറിയും ഉണ്ട്. ഓണത്തിന് 137 കിലോ പടവലവും 20 കിലോയിലേറെ പയറുമാണ് നാട്ടുകാർക്കായി നൽകിയത്.
ആഴ്ചയിൽ നാല് തവണ വിളവെടുക്കും. വഴുതനയും വെണ്ടയും തക്കാളിയും മുളകും എല്ലാമുണ്ട്. നല്ല കാലാവസ്ഥയെങ്കിൽ 90 കി. പയർ വരെ കിട്ടാറുണ്ടെന്ന് ടോമി പറയുന്നു.
കൃഷിയെ സ്നേഹിക്കുന്നതിനാൽ കൃഷിയിൽ ഇതുവരെ തോൽവി ഉണ്ടായിട്ടില്ല. കൃഷിയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിന് കൃഷിഭവനും കൂടെയുണ്ട്. 30 സെന്റ് സ്ഥലവും അതിൽ മനോഹരമായ ഒരു വീട് വച്ചതും എല്ലാം ഉപജീവനമാർഗമായ കൃഷിയിൽ നിന്നാണ്. കൃഷിയാവശ്യങ്ങൾക്കായും നല്ല പാലിനുമായി വീട്ടിൽ രണ്ട് പശുവിനെയും വളർത്തുന്നുണ്ട്. പശുവിന്റെ ചാണകവും മൂത്രവും പച്ചക്കറികൾക്ക് വളമായും ഉപയോഗിക്കുന്നു. പശുവിൽ നിന്നും മാസം ഇരുപതിനായിരം രൂപ വരെ വരുമാനം കിട്ടാറുണ്ടെന്ന് ടോമിയുടെ അനുഭവം.
നോട്ടം തെറ്റിയാൽ കൃഷി നശിക്കും. പക്ഷേ അതിന് ടോമി തയ്യാറല്ല. കൃഷിയിടത്തിൽ അറുപത് ശതമാനത്തിലേറെ പണിയും സ്വന്തമായി തന്നെയാണ് ചെയ്യുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. ഇത്രയൊക്കെ ചെയ്തിട്ടും കൃഷിക്ക് വേണ്ടി സമയം തികയുന്നില്ലെന്നതാണ് ടോമിയുടെ പരിഭവം. മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നിരവധി തവണ ടോമിയെ തേടി എത്തിയിട്ടുണ്ട്. തന്റെ കാലഘട്ടം കഴിഞ്ഞാൽ ഈ കൃഷി ഒന്നും പിന്നെ ഉണ്ടാകില്ല. പുതുതായി ആരും കൃഷിയിലേക്ക് വരാത്തതിൽ ഉളള നിരാശ പഴയ പത്താം ക്ലാസുകാരൻ മറച്ചുവയ്ക്കുന്നില്ല.
മൂത്ത മകൾ നിമ്മി വിവാഹശേഷം സൗദിയിൽ ബി.എസ്.സി. നേഴ്സും രണ്ടാമത്തെയാൾ ജിൻസി നേഴ്സിംഗ് പഠനം പൂർത്തിയാക്കി ഐ.എൽ.റ്റി.സി. പഠനവും. മകൻ നിഥിൻ എഞ്ചിനീയറുമാണ്. ഇന്നും മക്കൾ പിന്തുണയുമായി കൂടെയുണ്ട്.
CN Remya Chittettu Kottayam
#KrishiJagran
Share your comments