കോട്ടയം നഗരത്തോട് അടുത്തുകിടക്കുന്ന 1200 ഏക്കര്‍ പാടശേഖരത്ത് ഡിസംബര്‍ ഒന്നിന് കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. ഇതുമായി ബന്ധപ്പെട്ട് മണര്‍കാട് ചര്‍ച്ച് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷത്തിനുള്ളില്‍ കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ തരിശുരഹിത ജില്ലയാക്കി മാറ്റും. ഇതിന് ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണം, കൃഷി, ജലസേചനം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിക്കുന്നത് സമഗ്രവികസനം എന്ന കാഴ്ചപ്പാടോടു കൂടിയാണ്. കേരളത്തില്‍ കൃഷി ചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിക്ക് പരിഹാരമായി ഓരോ ബ്ലോക്കിലും കുറഞ്ഞത് 25 പേരെങ്കിലുമുള്ള കാര്‍ഷിക കര്‍മ്മ സേനകള്‍ രൂപീകരിക്കും.
വിജയപുരം, അയര്‍ക്കുന്നം, പാമ്പാടി പഞ്ചായത്തുകളിലെ തരിശുകിടക്കുന്ന പാടശേഖരത്താണ് കൊടൂരാര്‍, മീനന്തറയാര്‍, മീനച്ചിലാര്‍ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്നത്. ഇതിന്റെ പ്രാഥമിക ചെലവായി 40 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. നദീസംയോജന പദ്ധതിയുടെ ഭാഗമായുള്ള ഈ തരിശുനില കൃഷി പദ്ധതി സമ്പൂര്‍ണമായി നടപ്പാക്കാന്‍ 2.97 കോടി രൂപ അനുവദിക്കും. പ്രകൃതി എന്ന മൂലധനം തിരിച്ചു പിടിക്കുക എന്ന കാഴ്ചപ്പാടോടു കൂടിയാണ് ഈ സര്‍ക്കാര്‍ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പു ഡയറക്ടര്‍ സുനില്‍ കുമാര്‍, അഡ്വ. കെ.എ. അനില്‍ കുമാര്‍, പഞ്ചായത്തംഗം ബിജു തോമസ്, കെ.എ. പ്രസാദ്, ഡോ. പുന്നന്‍ കുര്യന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത തുടങ്ങിയവര്‍ സംസാരിച്ചു.
CN Remya Chittettu Kottayam, #KrishiJagran
Share your comments