എറണാകളം ജില്ലയിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ മില്ലറ്റ് വേൾഡ് പദ്ധതിക്ക് തുടക്കം. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി മില്ലറ്റ് വേൾഡ് പദ്ധതി എന്ന പേരിൽ ഗ്രാമ പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവൻ കൃഷിയിടങ്ങളിലും ചെറുധാന്യ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
കൂടുതൽ വാർത്തകൾ: മൂല്യവർധിത മേഖലയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി
കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും ഇതിന് പിന്തുണ നൽകും. കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ സംഘടിപ്പിച്ച വിത്തുവിത ഉത്സവം കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ മില്ലറ്റ് ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്തായി കോട്ടുവള്ളി മാറണമെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലാണ് സാധാരണയായി ചെറു ധാന്യങ്ങൾ കൃഷി ചെയ്തിരുന്നത്. പൊക്കാളിപ്പാടങ്ങളുടെ ചിറകളിലാണ് റാഗിയും മണിച്ചോളവും ധാരാളം കൃഷി ചെയ്യുന്നത്. ഇവയെല്ലാം വംശനാശ ഭീഷണി നേരിടുന്ന അവസ്ഥയിലാണ്. അവയെ മില്ലറ്റ് വേൾഡ് പദ്ധതിയിലൂടെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും. പഞ്ചായത്തിലെ ഉപ്പു കലർന്ന മണൽ മണ്ണിൽ ചെറുധാന്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നു. ഇതിൽ നിന്നും നൂറുമേനി വിളവാണ് ലഭിച്ചത്.
ചെറുധാന്യകൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക, കൃഷിയിടങ്ങളിൽ വിളയുന്ന ചെറുധാന്യങ്ങൾ സംസ്ക്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. പ്രാർത്ഥനാ ഫൗണ്ടേഷന്റെയും ജൈവരാജ്യം ഓർഗാനിക് ഫാമിന്റെയും സഹകരണത്തോടെ മില്ലറ്റ് പ്രോസസിംഗ് സെന്ററും മില്ലറ്റ് അടുക്കളയും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. അട്ടപ്പാടിയിലെ കർഷകർ വിളയിച്ച ചെറുധാന്യങ്ങളാണ് കോട്ടുവള്ളിയിൽ കൃഷി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ഗ്രാമപഞ്ചായത്തംഗം ജിജോ തോട്ടകത്ത്, ഫാദർ. ജോഷി ക്കോഴിക്കോട് ചാവറ സി എം ഐ, പ്രാർത്ഥനാ ഫൗണ്ടേഷൻ വോളന്റിയർ ജയകൃഷ്ണൻ. കൃഷി അസിസ്റ്റൻ്റു മാരായ എസ്.കെ. ഷിനു, എ.എ. അനസ്, കൂനമ്മാവ് സെന്റ്. ട്രീസാസ് കോൺവെന്റ് മദർസുപീരിയർ സിസ്റ്റർ ജിൻസിജ, ചാവറ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിത, ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ ജയ മരിയ, കാർഷിക വികസന സമിതി അംഗങ്ങളായ എൻ. സോമസുന്ദരൻ, കെ.ജി. രാജീവ്, ഷാജു മാളോത്ത് രാജു, ജോസഫ് വാഴുവേലിൽ, കർഷകർ വിദ്യാർത്ഥികൾ, അദ്ധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments