ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ കാര്‍ഷിക മീഡിയ ഗ്രൂപ്പായ കൃഷി ജാഗരണ്‍ കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടം വൃന്ദാവന്‍ കോളനിയില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. വൃന്ദാവന്‍ റെസിഡന്‍സ് അസോസിയേഷനും കൃഷി ജാഗരണ്‍ മാസികയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, കൗണ്‍സില്‍ ഓഫ് റെസിഡന്‍സ് ഇന്‍ വൃന്ദാവന്‍ കോളനി പ്രസിഡന്റ് അഡ്വക്കേറ്റ് ടി.എസ് രാജന്‍ ,സെക്രട്ടറി സി.ജോജി, ട്രഷറര്‍ തോമസ് ജേക്കബ് ,അസോസിയേഷന്‍ ഓഫ് ഇഎഫ് & എഫ്എഫ് (EF&FF) ഫ്‌ലാറ്റ് പ്രസിഡന്റ് ഷമ്മി ഗോപിനാഥ്, കൃഷി ജാഗരണ്‍ സൗത്ത് സോണ്‍ ഹെഡ് വി ആര്‍ അജിത്കുമാര്‍, കൃഷി ജാഗരണ്‍ മലയാളം എഡിറ്റര്‍ സുരേഷ് മുതുകുളം, കൃഷി ജാഗരണ്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക എന്ന ആഹ്വാനത്തോടെയാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. ഇന്ത്യയെയാണ് ആതിഥേയ രാജ്യമായി ഈ വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയെയും തിരിച്ച് പിടിയ്ക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതി ദിനവും. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1974 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.
പ്ലാസ്റ്റിക് സൗകര്യപ്രദമായതുകൊണ്ട് അപകടമാണെന്നറിഞ്ഞിട്ടും നിരവധി മുന്നറിയിപ്പുകളുണ്ടായിട്ടും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനോ ഉപേക്ഷിക്കാനോ ഇന്നും ആരും തയ്യാറാകുന്നില്ല. പ്ലാസ്റ്റിക്ക് മുക്ത പരിസ്ഥിതിക്കായ് ലോകമെമ്പാടുമുള്ള ജനത കൈകോര്‍ത്ത് പരിശ്രമിക്കണമെന്നാണ് ഈ പരിസ്ഥിതി ദിനത്തില്‍ ഐക്യരാഷ്ട്ര സഭ ലോകത്തോട് ആവശ്യപ്പെടുന്നത്.ലോകത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കണമന്ന ലക്ഷ്യത്തോടെ യുവജനങ്ങളെ സംയോജിപ്പിച്ച് കൊണ്ട് 'യുഎന്‍ ഓണ്‍ലൈന്‍ വോളണ്ടിയേഴ്‌സ് ഇന്ത്യ' എന്ന പ്രചരണം ഐക്യരാഷ്ട്ര സഭ തുടക്കം കുറിച്ചു. ഇവരിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കി പകരം പേപ്പര്‍, തുണി മുതലായ ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നു. കൂടാതെ, പലയിടത്തും പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തോടൊപ്പം ഹരിതവല്‍ക്കരണത്തിനും തുല്യപ്രാധാന്യം നല്കുന്നു.
Share your comments