എറണാകുളം: കളമശ്ശേരി മണ്ഡലത്തിലെ കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി രണ്ടാംഘട്ടത്തിന് കുന്നുകര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ഗ്രാമപഞ്ചായത്തില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങള്‍ ക്ലസ്റ്ററുകളും, മോണിറ്ററിങ് കമ്മറ്റികളും രൂപീകരിച്ച് പ്രാദേശിക തലത്തില്‍ കൃഷിക്ക് പ്രോത്സാഹനം നല്‍കും. ഓരോ പഞ്ചായത്തിലും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അനുസരിച്ചുള്ള വിപണന ശൃംഖല സാധ്യമാക്കുകയും സ്ഥിരമായ വരുമാനം ലഭ്യമാക്കുകയുമാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് കാര്‍ഷിക അറിവുകളുടെ നേര്‍ക്കാഴ്ചയായി ഓരോ ക്ലസ്റ്ററുകളിലും മാതൃക കൃഷിത്തോട്ടങ്ങളും സജ്ജീകരിക്കും.
കുന്നുകര ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത്തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിനെ ചെയര്‍മാനായും കൃഷി ഓഫീസര്‍ സാബിറ ബീവിയെ കണ്‍വീനറായും സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വൈസ് ചെയര്‍മാന്‍മാരായും സഹകരണ ബാങ്ക് സെക്രട്ടറിമാരെ ജോയിന്റ് കണ്‍വീനര്‍മാരായും കണ്‍വീനര്‍മാരായും ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മാസ്റ്റര്‍ കര്‍ഷകന്‍ എന്നിവരെ അംഗങ്ങളായും ചേര്‍ത്താണ് കമ്മിറ്റി രൂപീകരിച്ചത്.
പ്രാദേശിക കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മണ്ഡലത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
Share your comments