സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാച്ചെലവുകൾ താങ്ങാൻ പറ്റാത്തവരാണ് പലരും. കൊവിഡിൻെറ മറവിൽ രോഗികളെ ചൂഷണം ചെയ്യുന്ന ആശുപത്രികളുമുണ്ട്.
ഈ അവസരത്തിൽ കൊവിഡ് ബാധിതര്‍ക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക സ്വര്‍ണ പണയ വായ്പ അവതരിപ്പിച്ചിരിക്കുകയാണ് KSFE. സൗഖ്യ എന്ന പേരിലെ പ്രത്യേക സ്വര്‍ണ പണയ വായ്പയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിലാണ് പ്രത്യേക വായ്പ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു ശതമാനം പലിശ നിരക്കിൽ ആണ് ഗോൾഡ് ലോൺ നൽകുന്നത്.
സൗഖ്യ പദ്ധതി
കൊവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആറു മാസ കാലാവധിയിൽ ആണ് വായ്പകൾ അനുവദിക്കുക. സൗഖ്യ സ്വര്‍ണ പണയ വായ്പാ പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം രൂപ വരെ ലഭ്യമാകും. 2021 മാര്‍ച്ച് ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്കും കുടുംബാംഗങ്ങൾക്കുമാണ് ഇത് ലഭ്യമാവുക. കൊവിഡ് ഭേദമായവര്‍ക്കും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക പലിശ ഇളവോടു കൂടിയ പദ്ധതി പ്രയോജനപ്പെടുത്താം.
കൊവിഡ് പിടിപെട്ടതു മൂലം സാധാരണക്കാര്‍ ചികിത്സാച്ചെലവുകൾക്കായി പണം പലിശക്ക് നൽകുന്നവരിൽ നിന്നുൾപ്പെടെ വൻ പലിശയിൽ ലോൺ എടുക്കുന്നത് ചില സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്എഫ്ഇ പ്രത്യേക സ്വര്‍ണ പണയ വായ്പാപദ്ധതി പ്രഖ്യാപിച്ചത്.
നിബന്ധനകൾ
കൊവിഡ് ബാധിതനായ വ്യക്തിയുടെ അല്ലെങ്കിൽ നെഗറ്റീവ് ആയ വ്യക്തിയുടെ പേര് റേഷൻ കാര്‍ഡിൽ ഉണ്ടായിരിക്കണം. പ്രായപൂര്‍ത്തിയായവരെ കുടുംബാംഗങ്ങളായി കണക്കാക്കി സഹായം പ്രയോജനപ്പെടുത്താൻ അനുവദിക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താം. പരമാവധി വായ്പാ തുക 1.5 ലക്ഷം രൂപയും ഇതിന് പലിശ നിരക്ക് 5.5 ശതമാനവും ആയിരിക്കുമെന്ന് കെഎസ്എഫ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റ് സ്വര്‍ണ പണയ വായ്പാ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടു ശതമാനം പലിശ നിരക്ക് കുറവാണ് എന്നതാണ് പ്രധാന മെച്ചം.
ഗൾഫിൽ നിന്ന് തിരിച്ചെത്തിയവര്‍ക്ക് ഗോൾഡ് ലോൺ
കെഎസ്‍എഫ്ഇയുടെ എല്ലാ ബ്രാഞ്ചുകളിലും പ്രത്യേക സ്വര്‍ണ പണയ വായ്പ ലഭ്യമാകും. നിശ്ചിത കാലാവധിയിൽ ആയിരിക്കും വായ്പകൾ ലഭ്യമാവുക. കൊവിഡ് തരംഗത്തിൻെറ ഒന്നാം ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുവര്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ കെഎസ്എഫ്ഇ പ്രത്യേക ഗോൾഡ് ലോൺ പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപ വരെയാണ് ലോൺ നൽകിയിരുന്നത്.
ഒരു വര്‍ഷം ഏകദേശം 3,000 കോടി രൂപയുടെ സ്വര്‍ണപണയ വായ്പാ ബിസിനസാണ് കെഎസ്എഫ്ഇക്ക് ഉള്ളത്.
Share your comments